തൃശൂർ: മുണ്ടത്തിക്കോട് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പാറമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പടക്കനിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകി. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.
കഴിഞ്ഞ ദിവസമാണ് സാമ്പിൾ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങൾ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിൽ സ്ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. 13 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. അപകടത്തിൽ മരിച്ച ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചു. അതിൽ 3 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ, കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമൻ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയൻ മകൻ സുവിൻ (39) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സുദർശന്റെയും വാസുദേവൻ്റെയും സുവിൻ്റെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.
ബാക്കി ആറ് പേരെ തിരിച്ചറിഞ്ഞിട്ടില്ല. 13 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. സതീഷ് (46), പ്രവീൺ (45) എന്നിവർ വെന്റിലേറ്ററിലാണ്. ബാബു (56), രാജേഷ് (40), ഹരി (40), അനിത (50), അഖിൽ (30), ഉദയകുമാർ (48), ബാബു (57), ഭവാനി(65), വിഷ്ണു (30) എന്നിവർ മെഡിക്കൽ കോളജിലും സാജൻ (38), വിൽസൺ (60) എന്നിവർ എലൈറ്റ് ഹോസ്‌പിറ്റലിലുമാണ് ചികിത്സയിലുള്ളത്. ആശുപത്രിയിൽ നിന്നും സുഭദ്ര(68), സുന്ദരൻ(46), എന്നിവരെ ഡിസ്‌ചാർജ് ചെയ്തു. തിരിച്ചറിയാനാവാത്ത വിധത്തിലുള്ള ശരീര ഭാഗങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനകൾ അവശ്യമാണ്.
തൃശൂർ വെടിപ്പുര അപകടം: പാറമേക്കാവിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിച്ച പടക്കനിർമാണ ശാലക്ക് സ്റ്റോപ്മെമ്മോ


