കോട്ടയം: മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌ത മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്കിൻ്റെ ഭാഗങ്ങൾ അടർന്നുവീണു. 257 കോടി രൂപ ചെലവിട്ടു നിർമിച്ച കെട്ടിടം ഫെബ്രുവരി 16നാണ് ഉദ്ഘാടനം ചെയ്‌തത്. പാർക്കിങ് സ്ഥലത്താണ് കെട്ടിടത്തിൻ്റെ ഭാഗം ഇടിഞ്ഞുവീണത്. ഇതോടെ ഇവിടെ പാർക്ക് ചെയ്തിരുന്ന ഇഎൻടി വിഭാഗത്തിലെ ഡോക്ടറുടെ കാറിന് കേടുപാടുകൾ സംഭവിച്ചു.
2025 ജൂലൈ മൂന്നിനാണ് പഴയ സർജിക്കൽ ബ്ലോക്കിലെ ശുചിമുറി സമുച്ചയം ഇടിഞ്ഞുവീണത്. തുടർന്നാണ് പുതിയ ബ്ലോക്കിലെ വാർഡുകൾ ഉപയോഗിച്ചു തുടങ്ങിയത്. ഹൈറ്റ്സ് എന്ന പൊതുമേഖല സ്ഥാപനമാണ് കെട്ടിടം പണിതത്. ഇതോടെ ഹൈറ്റ്സ് ഏജൻസിയിൽ നിന്നുള്ള സേവനം മാറ്റണമെന്ന ആവശ്യം ശക്തമായി. കരാറനുസരിച്ച് കെട്ടിടം പണി തീർന്നതുമുതൽ മൂന്നു വർഷത്തേക്കാണ് ഹൈറ്റ്സിന് സർവീസിങ് നൽകിയിരിക്കുന്നത്. ജലവിതരണത്തിനും ഇലക്ട്രിക് സംവിധാനങ്ങൾക്കും ഉപയോഗിച്ചത് ഗുണമേന്മയില്ലാത്ത സാധനങ്ങളാണെന്ന പരാതി ഉയർന്നിരുന്നു. വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ഭാഗങ്ങൾ അടർന്നുവീണു; ഡോക്ടറുടെ കാറിന് കേടുപാട്


