വയനാട് ടൗൺഷിപ്പ്: നിർമാണം അവസാനഘട്ടത്തിൽ എത്തിയ വീടുകളിൽ വിള്ളൽ, ചോർച്ച; ആശങ്കയിൽ ദുരന്തബാധിതർ

കൽപ്പറ്റ: വയനാട് ടൗൺഷിപ്പിൽ നിർമാണം അവസാനഘട്ടത്തിൽ എത്തിനിൽക്കുന്ന വീടുകളിൽ വിള്ളൽ. ആദ്യഘട്ടത്തിൽ കൈമാറുന്ന 178 വീടുകളിലെ രണ്ടു വീടുകൾക്കാണ് വിള്ളൽ. ഈ മാസവും ടൗൺഷിപ്പ് താമസയോഗ്യമാകില്ലെന്നാണ് വിവരം. ടൗൺഷിപ്പിൽ നിർമ്മാണം വൈകുന്നതിൽ ആശങ്കയുണ്ടെന്നും ദുരന്തബാധിതർ പറഞ്ഞു.
178 വീടുകൾ എങ്കിലും എത്രയും വേഗം പൂർത്തീകരിക്കണമെന്നാണ് ദുരന്തബാധിതർ ആവശ്യപ്പെടുന്നത്. കൈമാറിയ ഭൂരിഭാഗം വീടുകളും താമസ യോഗ്യമല്ലെന്നും വിമർശനമുണ്ട്. തനിക്ക് ലഭിച്ച വീട്ടിലെ മേൽക്കൂരയിൽ വിള്ളൽ വീണെന്ന് ചൂരൽമല സ്വദേശി നൗഫലും പ്രതികരിച്ചു. മഴപെയ്‌തപ്പോൾ വെള്ളം ചോർന്നിറങ്ങി എന്നും പരാതിയുണ്ട്.അതേസമയം നിർമാണം വൈകുന്നതിൽ വയനാട് ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഊരാളുങ്കൽ സൊസൈറ്റി അധികൃതർ യോഗത്തിൽ പങ്കെടുക്കും. നിർമാണ പ്രവർത്തിക്കായി മൂന്നാഴ്‌ച കൂടി സമയം നീട്ടി ചോദിക്കാനിരിക്കുകയാണ് ഊരാളുങ്കൽ സൊസൈറ്റി അധികൃതർ.
അടുത്ത മാസം 20ഓടെ എല്ലാ പണികളും പൂർത്തിയാക്കുമെന്നാണ് ഊരാളുങ്കൽ അറിയിച്ചിരിക്കുന്നത്. ഗുണനിലവാര പരിശോധന പൂർത്തിയാക്കാൻ കാലതാമസമുണ്ടെന്നും ചോർച്ച കണ്ടെത്തിയ ഇടങ്ങളിൽ അറ്റകുറ്റ പണികൾ നടത്തുമെന്നും ഊരാളുങ്കൽ അറിയിച്ചു. ദുരന്തബാധിതരുടെ ഈ മാസത്തെ ദിനബത്തയും ഭക്ഷ്യ കൂപ്പണും മുടങ്ങിയത് പരിശോധിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജനും വ്യക്തമാക്കി.മാർച്ച് ഒന്നിനാണ് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള സംസ്ഥാന സർക്കാരിന്റെ വയനാട് ടൗൺഷിപ്പിൻ്റെ ഒന്നാംഘട്ട വീടുകളുടെ താക്കോൽ കൈമാറ്റം നടന്നത്. ടൗൺഷിപ്പിൻ്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയവിതരണവും മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top