ആലപ്പുഴ: തുറവൂർ ആശുപത്രിയിലെ തീപിടിത്തത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്‌സിന് വഴി നൽകാത്ത സംഭവത്തിൽ വാഹനയുടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു. കുത്തിയതോട് സ്വദേശി സുജിത്തിന്റെ ലൈസൻസ് ആറു മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. കൂടാതെ അഞ്ച് ദിവസം എടപ്പാളിലെ എംവിഡി കേന്ദ്രത്തിൽ പരിശീലന ക്ലാസിലും സുജിത്ത് പങ്കെടുക്കണം. മകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന്റെ ഉത്കണ്ഠ ഉണ്ടായിരുന്നെന്നും ബോധപൂർവം തടസപ്പെടുത്താൻ ശ്രമിച്ചതല്ലെന്നുമാണ് വാഹനയുടമ നൽകിയ വിശദീകരണം.സംഭവത്തിൽ കേസെടുത്ത പട്ടണക്കാട് പൊലീസ് വാഹനം പിടിച്ചെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത സുജിത്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഫയർ ആൻഡ് റെസ്ക്യൂ ആലപ്പുഴ എസ്എച്ച്‌ഒ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് കേസ്. ബിഎൻഎസ് 281, 285 പ്രകാരവും മോട്ടോർസ് ആക്ട് പ്രകാരവുമാണ് കേസെടുത്തത്. ചൊവ്വാഴ്‌ച രാവിലെ 10.30 ഓടെ ആയിരുന്നു കേസിന് ആസ്പ്‌പദമായ സംഭവം. തുറവൂർ ആശുപത്രി തീപിടിത്ത രക്ഷാപ്രവർത്തനത്തിന് ആലപ്പുഴയിൽ നിന്നും പോയ ഫയർഫോഴ്സ് വാഹനത്തിന് മുന്നിലാണ് കാർ വഴിമാറാതെ സഞ്ചരിച്ചത്. ഏകദേശം 15 മിനിറ്റോളം ഫയർഫോഴ്‌സിനെ കാർ തടഞ്ഞിരുന്നു.
ഫയർഫോഴ്സിന് കാർ വഴി നൽകാത്ത സംഭവം; വാഹനയുടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു


