കണ്ണൂർ നിതിൻ രാജിൻ്റ മരണവുമായി ബന്ധപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി അഞ്ചരക്കണ്ടി സ്വകാര്യ ഡെൻ്റൽ കോളജ് വിദ്യാർഥികൾ. രാവിലെ ക്യാംപസിനു മുന്നിൽ കോട്ട് ഊരി പ്രതിഷേധിച്ച ശേഷമാണ് വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം നടത്തിയത്. വിവിധ ആവശ്യങ്ങളുന്നയിച്ച് മാനേജ്മെന്റിന് കത്തും നൽകി. ആരോപണവിധേയനായ ഡോ. റാമിനെ പുറത്താക്കണമെന്നാണ് പ്രധാന ആവശ്യം. വിദ്യാർഥികളെ മാനസികമായി ഉപദ്രവിക്കുന്ന മറ്റ് രണ്ട് അധ്യാപകർക്കെതിരെയും നടപടിയെടുക്കണം. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കണം. സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തണം. മാനേജ്മെന്റുമായി വിദ്യാർഥികൾക്കു നേരിട്ടു ബന്ധപ്പെടാനുള്ള സാഹചര്യം ഒരുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉയർത്തിയത്.ഡോ. റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം വർഷ വിദ്യാർഥികളുടെ രക്ഷിതാക്കളും പ്രിൻസിപ്പലിന് പരാതി നൽകി. അക്കാദമിക് കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് ഹെൽത്ത് സയൻസ് യൂണിവേഴ്സിറ്റി റജിസ്ട്രാർക്കും കത്ത് നൽകി. ഒന്നാം വർഷ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ ഭൂരിഭാഗവും ഇന്ന് ക്യാംപസിൽ എത്തിയിരുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ച് മാനേജ്മെന്റുമായി ചർച്ച നടത്തുകയും ചെയ്തു.മറ്റു ഡിപ്പാർട്മെന്റിലെ വിദ്യാർഥികളും ഇന്ന് നടത്തിയ സമരത്തിൽ പങ്കെടുത്തു. പികെഎസ്, എസ്എഫ്‌ഐ തുടങ്ങിയ സംഘടനകളും ഇന്ന് ക്യാംപസിൽ പ്രതിഷേധം നടത്തി. നിതിൻ്റെ മരണത്തിൽ ഉത്തരവാദിയായ ഡോ. റാമിനെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കോട്ട് ഊരി പ്രതിഷേധം, കുത്തിയിരിപ്പ് സമരം; ഡോ. റാമിനെ പുറത്താക്കണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും


