മൂഴിക്കൽ: ബന്ധുക്കളായ പതിനാറുകാരിയെയും ഇരുപതുകാരനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇരുപതുകാരനായ അദിനാൻ ബന്ധുവായ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ അദിനാൻ്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമായിട്ടില്ല.
ഇന്നലെ രാത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടക്കുന്നത്. സ്വഭാവദൂഷ്യം കാരണം നേരത്തെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്ന അദിനാൻ കള്ളത്താക്കോൽ ഉപയോഗിച്ചാണ് അകത്ത് കയറിയത് എന്ന് കരുതുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മറ്റൊരു മുറിയിലുണ്ടായിരുന്ന മുത്തശ്ശിയെയും ഇയാൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ഈ ബഹളത്തിനിടയിൽ വീട്ടുകാർ ഉണർന്നു. അദിനാനെ ബലം പ്രയോഗിച്ച് മറ്റൊരു മുറിയിലാക്കി പൂട്ടിയ ശേഷം ഇവർ പെൺകുട്ടിയെയും മുത്തശ്ശിയെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരിച്ചുവന്നപ്പോഴാണ് അദിനാനെ മരിച്ച നിലയിൽ കണ്ടത് എന്നാണ് വീട്ടുകാർ പറയുന്നത്. ഇയാളുടെ മുഖത്തും വായിലും സെല്ലോ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു. അദിനാന് എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.അദിനാനെ വീട്ടിൽ നിന്നും പുറത്താക്കിയതിൻ്റെ പ്രതികാരമാകാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ നിന്നും അദിനാൻ മോഷ്ടിക്കാൻ ശ്രമിച്ചത് കണ്ടെത്തിയത് ഈ പെൺകുട്ടിയായിരുന്നു എന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
വീട്ടുകാരെ കൊലപ്പെടുത്താൻ തീരുമാനിച്ചാണ് ഇയാൾ രാത്രി വീട്ടിൽ കടന്നുകയറിയത് എന്നാണ് കരുതുന്നത്. വീട്ടിലെ സിസിടിവി നശിപ്പിച്ച നിലയിലാണ്.
മൂഴിക്കലിൽ പതിനാറുകാരിയുടേത് കൊലപാതകം, മുത്തശ്ശിയെയും കൊല്ലാൻ ശ്രമിച്ചു; പ്രതിയുടെ മരണത്തിൽ ദുരൂഹത


