വാളയാർ ആൾക്കൂട്ടക്കൊല: പ്രതികളിലൊരാൾ ജീവനൊടുക്കി, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിനാലെന്ന് വിവരം

പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതക കേസിലെ പ്രതി വിനോദ് ജീവനൊടുക്കിയ നിലയിൽ. കേസിൽ വീണ്ടും ഹാജരാകാൻ പറഞ്ഞതോടെ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം.
റിമാൻഡിന് പിന്നാലെ ജാമ്യം ലഭിച്ചെങ്കിലും പിന്നീട് ഹൈക്കോടതി ജാമ്യം റദ്ദാക്കിയിരുന്നു.
വീണ്ടും കോടതിയിൽ ഹാജരാവാൻ പറഞ്ഞതോടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് സൂചന.
2025 ഡിസംബർ പതിനെട്ടിനായിരുന്നു വാളയാർ അട്ടപ്പള്ളത്ത് രാംനാരായൺ ഭാഗേൽ ക്രൂരമായ ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ടത്. അട്ടപ്പള്ളത്ത് ഒരു കടയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന രാംനാരായണിനെ കണ്ട് അസ്വാഭാവികത തോന്നിയ ചില തൊഴിലുറപ്പ് തൊഴിലാളികൾ പ്രദേശത്തെ യുവാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് യുവാക്കൾ സ്ഥലത്തെത്തുകയും ആൾക്കൂട്ട വിചാരണ നടത്തുകയുമായിരുന്നു.
മോഷണക്കുറ്റം ആരോപിച്ചായിരുന്നു വിചാരണ. താൻ ഒന്നും മോഷ്ട‌ിച്ചില്ലെന്ന് രാംനാരായാണൻ പറഞ്ഞെങ്കിലും സംഘം അത് കേൾക്കാൻ കൂട്ടാക്കിയില്ല. ‘നീ ബംഗ്ലാദേശി ആണോടാ’ എന്ന് ചോദിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
ഇതിന്റെ വീഡിയോയും സംഘം പകർത്തിയിരുന്നു.ക്രൂരമർദനമേറ്റ് രാംനാരായൺ നിലത്തുവീണുപോയിരുന്നു.മണിക്കൂറുകളോളം ആരും തിരിഞ്ഞുനോക്കാതെ നിലത്തുതന്നെ കിടന്നു. പൊലീസ് എത്തിയാണ് രാംനാരായണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ചികിത്സയ്ക്കിടെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നോഴാണ് രാംനാരായൺ അനുഭവിച്ച ക്രൂരതയുടെ ആഴം പുറംലോകമറിയുന്നത്.
രാംനാരായണിൻ്റെ ശരീരത്തിലാകെ മർദനമേറ്റിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. നെഞ്ചിലടക്കം ആഴത്തിൽ മർദനമേറ്റു. തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമായതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ രാംനാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ സർക്കാർ പ്രഖ്യാപിച്ചിരുന്നു. രാംനാരായണിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം ഛത്തീസ്‌ഗഡ് സർക്കാരും പ്രഖ്യാപിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top