കാസർകോട്: തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ മദ്യക്കടത്ത് സംഘം കുടുങ്ങി. കാറിൽ കടത്തിയ 135 ലിറ്റർ ഗോവൻ നിർമ്മിത മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ. ദക്ഷിണകന്നഡ ജില്ലയിലെ ലതേഷ് പൂജാരി, ബദ്രഡുക്കയിലെ ബിപി സുരേഷ് എന്നിവരെയാണ് കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ കെ വി രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്‌തത്. കാഞ്ഞങ്ങാട്, കടപ്പുറത്ത് നടത്തിയ പരിശോധനയ്ക്കിടയിലാണ് കർണാടക രജിസ്ട്രേഷനുള്ള മാരുതി സ്വിഫ്റ്റ് കാറിൽ കടത്തിയ മദ്യം പിടികൂടിയതെന്നു എക്സൈസ് അധികൃതർ പറഞ്ഞു. ബിപി സുരേഷ് കാസർകോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്കു മദ്യം എത്തിച്ചു കൊടുക്കുന്ന പ്രധാനിയാണെന്നും മുൻ അബ്‌കാരി കേസിലെ പ്രതിയാണെന്നും എക്സൈസ് പറഞ്ഞു. മദ്യം പിടികൂടിയ എക്സൈസ് സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ടി പി അതുൽ, പി വി ഷിജിത്ത്, പി ശൈലേഷ് കുമാർ, വി മഞ്ജുനാഥൻ, മോഹനകുമാർ എന്നിവരും ഉണ്ടായിരുന്നു.
കാറിൽ കടത്തിയ 135 ലിറ്റർ ഗോവൻ മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ


