ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കിൽ ലോറി ഇടിച്ച് അപകടം; റോഡിൽ തലടിയിച്ച് വീണ് 23കാരിക്ക് ദാരുണാന്ത്യം

ആലുവ: ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ 23കാരിക്ക് ദാരുണാന്ത്യം. എറണാകുളം പുറയാർ മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ നന്ദനയാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിൻ
ആന്റണി (22)യെ പരിക്കുകളോടെ ഇടപ്പള്ളി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാവിലെ 10.30 ന് ആലുവയ്ക്ക് സമീപം അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിൽ ടിപ്പ് ടോപ്പ് ഫർണീച്ചർ ഷോപ്പിന് മുൻവശത്തായിരുന്നു അപകടം നടന്നത്. റോഡിന് സമീപം നിർത്തിയിട്ടിരുന്ന ലോറി അലക്ഷ്യമായി വലത്തേക്ക് വെട്ടിച്ച് മുന്നോട്ടെടുത്തപ്പോൾ പിന്നിൽനിന്ന് വന്ന അശ്വിനും നന്ദനയും സഞ്ചരിച്ച ബൈക്കിൽ തട്ടി. തൊട്ടുപിന്നാലെ വന്ന കാർ ബൈക്കിൽ ഇടിക്കുകയും നിയന്ത്രണം നഷ്‌ടപ്പെട്ട ബൈക്ക് മറിയുകയുമായിരുന്നു. റോഡിൽ തലയിടിച്ചാണ് നന്ദന വീണത്. അബോധാവസ്ഥയിലായ നന്ദനയെ ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12.25 ഓടെ മരണം സംഭവിക്കുകയായിരുന്നു. കെ എൽ 45 ഇ 8288 എന്ന രജിസ്റ്റർ നമ്പറിലുള്ള ലോറിയാണ് ബൈക്കിൽ ഇടിച്ച് അപകടമുണ്ടാക്കിയത്.
അത്താണി നീരജ എയർലൈൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായിരുന്നു നന്ദന. ഇടപ്പള്ളിയിലേക്ക് പോകുകയായിരുന്ന അശ്വിൻ്റെ ബൈക്കിൽ നന്ദന ലിഫ്റ്റ് ചോദിക്കുകയായിരുന്നു. മൃതദേഹം നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സെൻട്രൽ ജിഎസ്‌ടി ഓഫീസിലെ ജീവനക്കാരനാണ് നന്ദനയുടെ പിതാവ് ഹരിപ്രസാദ്. മാതാവ് സാൻ്റി ശ്രീമൂലം നഗരം പിഎച്ച്സിയിൽ നഴ്സാണ്. സഹോദരി നിവേദ്യ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top