നിർത്താതെ പോയ കാറിനെ പൊലീസ് സിനിമാ സ്റ്റൈലിൽ പിൻതുടർന്ന് പിടിച്ചു; 41 ഗ്രാം എം ഡി എം എയും 241 ഗ്രാം ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം 3 പേർ അറസ്റ്റിൽ

പയ്യന്നൂർ: കാറിൽ കടത്തുകയായിരുന്ന 41 ഗ്രാം എം ഡി എം എയും 241 ഗ്രാം ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം മൂന്നു പേർ അറസ്റ്റിൽ. കണ്ണൂർ, ചാലാട് ഹിറ മോസ്ക്കിനു മുൻവശത്തെ നൂറുദ്ദീൻ വില്ലയിൽ നാദിർ നൂറുദ്ദീൻ (41), ഭാര്യ എസ് എസ് ഐന (33), എടക്കാട്, നടാൽ വായനശാലയ്ക്കു സമീപത്തെ നസീമ മൻസിലിലെ കെ ഷാനിദ് (36)എന്നിവരെയാണ് പയ്യന്നൂർ എസ് ഐ പി വി അനുശ്രീയും സംഘവും അറസ്റ്റു ചെയ്തത്.വെള്ളിയാഴ്ച‌ രാത്രി 10.15മണിയോടെ വെള്ളൂർ, കണ്ടോത്ത് കുറുംബ ക്ഷേത്രത്തിനു സമീപത്താണ് സംഭവം. പയ്യന്നൂർ ഭാഗത്തു നിന്നു മയക്കുമരുന്നു കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എസ് ഐ അനുശ്രീയും സംഘാംഗങ്ങളായ എസ് ഐ സുഭാഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജേഷ്, ഡാൻസാഫ് അംഗങ്ങളായ ബിനേഷ്, സജിത്ത്, നിഷാന്ത്, ശ്രീജിത്ത് എന്നിവർ കണ്ടോത്ത് ദേശീയപാതയിൽ എത്തിയത്. ഈ സമയത്ത് കോത്തായിമുക്ക് ഭാഗത്തു നിന്നും എത്തിയ കാറിനു പൊലീസ് സംഘം കൈകാണിച്ചുവെങ്കിലും നിർത്താൻ കൂട്ടാക്കാതെ അമിതവേഗതയിൽ മുന്നോട്ടു കുതിച്ചു. ഇതോടെ പൊലീസ് സംഘം പിന്തുടർന്നു. എടാട്ട് കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്ര റോഡിൽ വച്ച് കാറിനെ പൊലീസ് സിനിമാ സ്റ്റൈലിൽ തടഞ്ഞു നിർത്തി പിടികൂടി. തുടർന്ന് കാറിനകത്തു നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top