നിയമസഭ തിരഞ്ഞെടുപ്പ്, അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേല്‍ക്കർ പ്രസിദ്ധീകരിച്ചു.

വോട്ടർമാരുടെ എണ്ണത്തിലും വൈവിധ്യത്തിലും നിരവധി പ്രത്യേകതകളാണ് ഇത്തവണത്തെ പട്ടികയിലുള്ളത്.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഏറ്റവും നിർണ്ണായകമാകുന്നത് കന്നിവോട്ടർമാരുടെ സാന്നിധ്യമാണ്. സംസ്ഥാനത്താകെ 4,66,408 പേരാണ് ആദ്യമായി വോട്ട് രേഖപ്പെടുത്താൻ തയ്യാറെടുക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ വിജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ ഈ യുവ വോട്ടർമാരുടെ നിലപാടുകള്‍ വലിയ സ്വാധീനം ചെലുത്തും.

ആകെ വോട്ടർമാരായ 2,71,42,952 പേരില്‍ 1,39,21,868 പേർ സ്ത്രീകളാണ്. പുരുഷ വോട്ടർമാരുടെ എണ്ണം 1,32,20,811 ആണ്. സ്ത്രീ വോട്ടർമാർ പുരുഷന്മാരേക്കാള്‍ ഏഴ് ലക്ഷത്തോളം അധികമാണെന്നത് കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സ്ത്രീപക്ഷ നിലപാടുകള്‍ക്കുള്ള പ്രാധാന്യം വർദ്ധിപ്പിക്കുന്നു. പട്ടികയില്‍ 273 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്.

ജില്ലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടർമാരുള്ളത് മലപ്പുറം ജില്ലയിലാണ് (36,32,210 പേർ). സംസ്ഥാനത്ത് സ്ത്രീകളേക്കാള്‍ പുരുഷ വോട്ടർമാർ കൂടുതലുള്ള ഏക ജില്ലയും മലപ്പുറമാണ്. മണ്ഡലങ്ങള്‍ പരിശോധിച്ചാല്‍ മലപ്പുറം ജില്ലയിലെ തിരൂരിലാണ് ഏറ്റവും കൂടുതല്‍ സമ്മതിദായകർ ഉള്ളത് (2,55,441).

വയോധികരായ വോട്ടർമാരുടെ എണ്ണത്തിലും ഇത്തവണത്തെ പട്ടിക ശ്രദ്ധേയമാണ്. 100 മുതല്‍ 109 വയസ്സുവരെയുള്ള 1,501 പേരും 110 വയസ്സിന് മുകളില്‍ പ്രായമുള്ള 54 പേരും പട്ടികയിലുണ്ട്. വോട്ടർമാരില്‍ കൂടുതല്‍ 40-നും 49-നും ഇടയില്‍ പ്രായമുള്ളവരാണ് (56.32 ലക്ഷം പേർ).

പ്രവാസികളുടെ പങ്കാളിത്തത്തിലും ഇത്തവണ വർദ്ധനവുണ്ട്. ആകെ 2,42,093 പേർ വിദേശ ഇലക്ടറല്‍ വിഭാഗത്തിലും 53,984 പേർ സർവീസ് വോട്ടർമാരായും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ജനറല്‍ ഇലക്ടറല്‍ വിഭാഗത്തില്‍ മാത്രം 2.69 കോടി വോട്ടർമാരാണുള്ളത്.

അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ വോട്ടർമാർക്ക് സ്വന്തം പേര് പട്ടികയിലുണ്ടെന്ന് ഉറപ്പുവരുത്താൻ ഇനിയും അവസരമുണ്ട്. www.ceo.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ അതത് താലൂക്ക്, വില്ലേജ് ഓഫീസുകള്‍, ബൂത്ത് ലെവല്‍ ഓഫീസർമാർ (BLO) എന്നിവർ വഴിയോ വോട്ടർ പട്ടിക പരിശോധിക്കാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top