ചെന്നൈ: ഓടുന്ന ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന സംഭവം വർധിച്ച് വരുന്ന പശ്ചാത്തലത്തിൽ നടപടി കടുപ്പിച്ച് ദക്ഷിണ റെയിൽവേ. കല്ലേറുകേസുകളിൽ 1989ലെ റെയിൽവേ നിയമത്തിലെ 152, 154 വകുപ്പുകൾ പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.പത്ത് വർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. ചെന്നൈ ഡിവിഷനിൽ ഇത്തരം സംഭവങ്ങൾക്ക് സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് റെയിൽവേ സുരക്ഷാ സേനയും ഗവ. റെയിൽവേ പൊലീസും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
സിസിടിവി കാമറകൾ അടക്കം സ്ഥാപിച്ചും നിരീക്ഷണം കൂട്ടിയതായി അധികൃതർ അറിയിച്ചു. ട്രെയിനുകളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും അധികൃതർ അഭ്യർഥിച്ചു.
ഓടുന്ന ട്രെയിനുകൾക്ക് നേരെ എറിയുന്ന കല്ലുകൾ ജനൽ ചില്ലുകൾ തകർക്കുകയും കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടാക്കുകയും ചെയ്യുന്നതിനാൽ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഗുരുതരമായ സുരക്ഷ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
കല്ലെറിഞ്ഞാൽ ജീവപര്യന്തം


