തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ മുൻകൂർ ജാമ്യം റദ്ദാക്കില്ല. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി തള്ളി. മുൻകൂർ ജാമ്യം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. രണ്ടാമത്തെ കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം.
ജാമ്യം ലഭിച്ച ശേഷം രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വിളിച്ചിരുന്നു. തുടർന്ന് യുവതി പരാതി നൽകിയിരുന്നു. രാഹുൽ പരാതിക്കാരിയെ വിളിച്ചത് ഭീഷണിപ്പെടുത്താനാണ് എന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. കോടതിയിൽ രാഹുൽ തെറ്റായ രേഖകൾ നൽകിയെന്നും രാഹുലിൻ്റേത് സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ജാമ്യം റദ്ദാക്കിയില്ലെങ്കിൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. രണ്ടാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ ജാമ്യവ്യവസ്ഥ ലംഘിച്ചു എന്നാരോപിച്ചായിരുന്നു ഹർജി.
ഫോണുകളിൽ നിന്ന് അതിജീവിതയുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യണമെന്നും രാഹുൽ മാങ്കൂട്ടത്തിലിനോട് കോടതി നിർദേശം നൽകി. അതിജീവിതയുമായി ബന്ധപ്പെട്ട എല്ലാ നമ്പറുകളും ഡിലീറ്റ് ചെയ്യണം. ഡിലീറ്റ് ചെയ്ത ശേഷം സത്യവാങ്മൂലം നൽകണമെന്നും കോടതി പറഞ്ഞു.രണ്ടാമത്തെ പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വിളിച്ചത് സ്വാധീനിക്കാൻ വേണ്ടിയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പരാതിക്കാരിയെ ഫോണിൽ വിളിച്ചത് സ്വാധീനിക്കാനും തുടർനടപടികളിൽ നിന്ന് പിന്തിരിപ്പിക്കാനുമാണെന്ന് അന്വേഷണ സംഘം പറഞ്ഞു. അറിയാതെയാണ് കോൾ പോയതെന്ന രാഹുലിൻ്റെ വാദം തെറ്റാണെന്നും റീസെന്റ് കോൾ ഹിസ്റ്ററിയിൽ നമ്പറുണ്ടെങ്കിൽ മാത്രമേ അറിയാതെ കോൾ പോകുകയുള്ളൂ. രഹസ്യ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് രാഹുൽ പരാതിക്കാരിയെ വിളിച്ചതെന്നും അന്വേഷണ സംഘം കോടതിയിൽ പറഞ്ഞിരുന്നു.ബെംഗളൂരു സ്വദേശിയായ യുവതി കെപിസിസി അധ്യക്ഷന് നൽകിയ പരാതി പിന്നീട് ഡിജിപിക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിലായിരുന്നു രാഹുലിനെതിരെ രണ്ടാം ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തത്. അവധിക്ക് നാട്ടിലെത്തിയപ്പോൾ വിവാഹ വാഗ്ദാനം നൽകി ഹോംസ്റ്റേയിൽ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇ-മെയിൽ മുഖാന്തരം അയച്ച പരാതിയിൽ യുവതിയുടെ പേര് ഉണ്ടായിരുന്നില്ല.പേര് പോലും ഇല്ലാതെ ലഭിച്ച ഇ മെയിലിൻ്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ജാമ്യ ഹർജി നൽകിയിരുന്നു. പരാതി അടിസ്ഥാന രഹിതവും രാഷ്ട്രീയപ്രേരിതവുമാണ്. രണ്ടുവർഷം താമസിച്ചാണ് പരാതി നൽകിയത്. പരാതി സത്യമെങ്കിൽ പൊലീസിനെ സമീപിക്കാൻ ഏറെ സമയം ഉണ്ടായിരുന്നുവെന്നും ജാമ്യഹർജിയിൽ സൂചിപ്പിച്ചിരുന്നു. തുടർന്ന് കേസിൽ രാഹുലിന് മുൻകൂർജാമ്യം ലഭിക്കുകയായിരുന്നു.
രണ്ടാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മുൻകൂർ ജാമ്യം റദ്ദാക്കില്ല


