തിരുവനന്തപുരം ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം 3 ദിവസമെടുത്താണ് മാലിന്യ നീക്കം പൂർത്തിയാക്കിയതെന്ന കലക്ടറുടെ റിപ്പോർട്ടിനെതിരെ മേയർ വി.വി.രാജേഷ്. കലക്ടറെ പേടിപ്പിച്ചാണ് റിപ്പോർട്ട് വാങ്ങിയതെന്നും പൊങ്കാല നടത്തിപ്പിൻ്റെ ചുമതലയുണ്ടായിരുന്ന ആർഡിഒ ആദ്യം സമർപ്പിച്ചതാണ് ശരിയായ റിപ്പോർട്ടെന്നും മേയർ പറഞ്ഞു. അതേസമയം, ഈഞ്ചയ്ക്കൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തള്ളിയിരിക്കുന്ന മാലിന്യം സംസ്കരിക്കുന്നതിനെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോർപറേഷൻ സെക്രട്ടറിയോട് കലക്ടർ ആവശ്യപ്പെട്ടു.
മാലിന്യ നീക്കത്തിൽ വീഴ്ചയുണ്ടായെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് മന്ത്രി വി.ശിവൻകുട്ടി ആർഡിഒയോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ സ്ഥല പരിശോധന നടത്താതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് ആരോപിച്ച് ആർഡിഒയുടെ റിപ്പോർട്ട് മന്ത്രി തള്ളി. പുതിയ അന്വേഷണത്തിന് കലക്ടറെ ചുമതലപ്പെടുത്തി. പൊങ്കാല നിവേദ്യം കഴിഞ്ഞ് 3 ദിവസമെടുത്താണ് ജീവനക്കാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് ശുചീകരണം പൂർത്തിയാക്കിയത് എന്നായിരുന്നു കഴിഞ്ഞ ദിവസം കലക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്. കഴിഞ്ഞ 3 ന് പൊങ്കാല നിവേദ്യം നടത്തിയതിനു പിന്നാലെ ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച ശുചീകരണം അടുത്ത ദിവസം പുലർച്ചെ മൂന്നോടെ പൂർത്തിയാക്കിയെന്ന മേയറുടെ വാദം തള്ളുന്നതായിരുന്നു കലക്ടറുടെ റിപ്പോർട്ട്.
3 ദിവസമെടുത്തെന്ന് കലക്ടർ, പിറ്റേന്ന് ശരിയാക്കിയെന്ന് മേയർ; ആറ്റുകാൽ പൊങ്കാലയ്ക്കു ശേഷമുള്ള മാലിന്യ നീക്കം: വിവാദം ഒഴിയുന്നില്ല


