തിരുവനന്തപുരം: മൂന്ന് മാസത്തിൽ ഒരിക്കൽ നൽകിയിരുന്ന മണ്ണെണ്ണ റേഷൻ കടകൾ വഴി ഒരുമാസം കൊണ്ട് വിറ്റഴിക്കാൻ തീരുമാനം. കേന്ദ്രം അനുവദിച്ച മണ്ണെണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഒരു മാസം കൊണ്ട് മണ്ണെണ്ണ വിറ്റഴിക്കാൻ തീരുമാനിച്ചത്. വൈദ്യുതിയുള്ള വീട്ടുകാർക്ക് റേഷൻ കടകൾ വഴി ഒരു ലിറ്റർ മണ്ണെണ്ണയും വൈദ്യുതിയില്ലാത്തവർക്ക് നാല് ലിറ്റർ മണ്ണെണ്ണയുമാണ് ലഭിക്കുക.2025-26 സാമ്പത്തിക വർഷത്തിൻ്റെ നാലാംപാദത്തിൽ അനുവദിച്ച മണ്ണെണ്ണ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വാങ്ങിയവർക്കും വാങ്ങാത്തവർക്കും നൽകും. ഓരോ താലൂക്കിലും ലഭ്യമായ മണ്ണെണ്ണയുടെ കണക്കിനനുസരിച്ചായിരിക്കും ഇത്. മാർച്ച് 31ന് മുൻപ് കെട്ടിക്കിടക്കുന്ന മണ്ണെണ്ണയുടെ വിതരണം പൂർത്തിയാക്കാനാണ് ഭക്ഷ്യവകുപ്പ് സപ്ലൈ ഓഫീസർമാർക്ക് നൽകിയിരിക്കുന്ന നിർദേശം.പല താലൂക്കുകളിലും മണ്ണെണ്ണയുടെ മൊത്ത വിൽപ്പനശാലകളില്ല. അതിനാൽ ഇവിടങ്ങളിലെ റേഷൻകട ഉടമകൾ മറ്റ് താലൂക്കുകളിൽ നിന്ന് മണ്ണെണ്ണ എടുക്കേണ്ട സാഹചര്യമായിരുന്നു. ഇതിനുള്ള വലിയ പണച്ചെലവ് കാരണം പലരും മണ്ണെണ്ണയെടുക്കാൻ തയ്യാറാകാറില്ല. അതിനാൽ മൂന്ന് മാസത്തിൽ ഒരിക്കൽ അനുവദിക്കുന്ന മണ്ണെണ്ണ പോലും പലർക്കും ലഭിക്കാറില്ല. ഇതോടെയാണ് മണ്ണെണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടായത്.
ഈ മാസത്തെ വിഹിതവും റേഷൻകടക്കാർ എല്ലാവരും ഏറ്റെടുക്കാൻ തയ്യാറായാൽ മാത്രമെ മുഴുവൻ കാർഡ് ഉടമകൾക്കും മണ്ണെണ്ണ കിട്ടൂ. അല്ലെങ്കിൽ സംസ്ഥാനത്തെ ഏത് റേഷൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാനാകുന്ന സൗകര്യം ആളുകൾ ഉപയോഗപ്പെടുത്തണം.
മൂന്ന് മാസത്തെ മണ്ണെണ്ണ ഒരുമാസം കൊണ്ട് വിറ്റുതീർക്കും; വൈദ്യുതി ഇല്ലാത്തവർക്ക് 4 ലിറ്റർ, ഉള്ളവർക്ക് ഒരു ലിറ്റർ


