കാസർകോട്: പോക്സോ കേസിൽ അറസ്റ്റിലായ അധ്യാപകനെ മൂന്ന് വർഷങ്ങൾക്ക് ശേഷം കോടതി കുറ്റവിമുക്തനാക്കി. തെക്കിൻ സ്വദേശി ഗണേശനെയാണ് ഹോസ്‌ദുർഗ് പോക്സോ കോടതി വെറുതെവിട്ടത്. വിധി പ്രസ്താവിച്ചതിന് പിന്നാലെ കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചു. പൊലീസ് ശരിയായി അന്വേഷിക്കാതെ രജിസ്റ്റർ ചെയ്‌ത കേസാണ് ഇതെന്നും കോടതി ചൂണ്ടിക്കാണിച്ചു.പരവനടുക്കം മോഡൽ റെസിഡൻഷ്യൽ ഗേൾസ് സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു ഗണേശൻ. മൂന്ന് കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ഗണേശനെതിരായ കേസ്. സ്‌കൂളിലെ ഫണ്ടിൽ അഴിമതിയുണ്ടെന്ന് ഗണേശൻ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ കുട്ടികളെ ഉപയോഗിച്ച് കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ്
ഗണേശൻ ആരോപിക്കുന്നത്. കേസിൽ 60 ദിവസമാണ് ഗണേശൻ ജയിലിൽ കിടന്നത്. വ്യാജ കേസിൽ അകപ്പെട്ടതിന് പിന്നാലെ സമൂഹത്തിൽ ഒറ്റപ്പെട്ട് പോയതായി ഗണേശൻ പറഞ്ഞു.
പോക്സോ കേസിൽ ജയിലിൽ കഴിഞ്ഞത് 60 ദിവസം; മൂന്ന് വർഷങ്ങൾക്ക് ശേഷം അധ്യാപകൻ കുറ്റവിമുക്തനെന്ന് കണ്ടെത്തി കോടതി


