കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണം അപഹരിച്ച കേസിൽ മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്.ബൈജുവിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്. നേരത്തേ കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ച ബൈജുവിന് ദ്വാരപാലക കേസിലും ജാമ്യം ലഭിച്ചതോടെ ജയിൽ മോചിതനാകാം.അറസ്റ്റിലായി 90 ദിവസം പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാത്ത പശ്ചാത്തലത്തിലാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. ശബരിമല സ്വർണാപഹരണ കേസുകളിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിൻ്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് ദീർഘിപ്പിച്ചു. ഓൺലൈനിലാണ് ശങ്കരദാസിനെ ഹാജരാക്കിയത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ശങ്കരദാസ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ മാർച്ച് രണ്ടിന് വിധി പറയും.ശബരിമല സ്വർണാപഹരണക്കേസുകളിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി, ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി. സുധീഷ്കുമാർ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായ എൻ. വാസു, മുൻ എക്സിക്യൂട്ടീവ് ഓഫിസർ എസ്.ശ്രീകുമാർ, തന്ത്രി കണ്ഠരര് രാജീവര് എന്നിവർ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.
ശബരിമല സ്വർണക്കൊള്ള: മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്.ബൈജുവിന് ജാമ്യം


