തിരുവനന്തപുരം: ശബരിമല കൊടിമരക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടൻമാരായ മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ്. സ്വർണം സംഭാവന നൽകിയതിൻ്റെ വിവരങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് താരങ്ങളെ ചോദ്യം ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. സ്വർണം സംഭാവന നൽകിയതായി ഇരുവരും മൊഴി നൽകി. മൊഴിയെടുപ്പ് ഈ ആഴ്ച്ച തന്നെ പൂർത്തിയാക്കുമെന്നാണ് സൂചന.ശബരിമലയിലേക്ക് സ്വർണം നൽകണമെന്ന് അഭ്യർത്ഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്നാണ് മോഹൻലാലിന്റെ മൊഴി. തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്ന് രണ്ട് പവൻ സ്വർണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിലെത്തിക്കുകയായിരുന്നെന്നും മോഹൻലാൽ പറഞ്ഞു. തിരുവനന്തപുരത്ത് വച്ചായിരുന്നു മോഹൻലാലിൻറെ മൊഴി രേഖപ്പെടുത്തിയത്. ദിലീപിന്റെ മൊഴി കൊച്ചിയിൽ നിന്നും രേഖപ്പെടുത്തി.
ശബരിമല കൊടിമരക്കൊള്ളയിൽ സിനിമാ മേഖലയിൽ നിന്നുള്ളവരുടെ മൊഴി വിജിലൻസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഷാജി കൈലാസ്, രൺജി പണിക്കർ, സുരേഷ് കുമാർ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയിരുന്നത്. നാണയങ്ങളായി സ്വർണം നൽകിയെന്നായിരുന്നു ഇവർ നൽകിയ മൊഴി. സ്വർണ്ണത്തിന്റെ കണക്കും അറിയിച്ചതായാണ് സൂചന. മൊഴി നൽകാൻ തയ്യാറെന്ന് നടൻ മോഹൻലാലും സുരേഷ് ഗോപിയും അന്ന് വിജിലൻസിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദിലീപിന്റെയും മോഹൻലാലിൻ്റെയും മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള 27 പേരാണ് കൊടിമര പുനർനിർമാണത്തിന് സംഭാവന നൽകിയതെന്നാണ് വിജിലൻസ് കണ്ടെത്തൽ. ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസിൽ വിജിലൻസ് ഡിവൈഎസ്‌പി സി എസ് ഹരിക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് സിഐ സജി ശങ്കർ, പത്തനംതിട്ട വിജിലൻസ് യൂണിറ്റ് സിഐ രാജേഷ് കുമാർ, വിജിലൻസ് തെക്കൻ മേഖല സിഐ അജി ജി നാഥ് എന്നിവരും സംഘത്തിലുണ്ട്.
2017-ലാണ് ശബരിമലയിലെ കൊടിമരത്തിൻ്റെ പുനർനിർമ്മാണം നടന്നത്. നിർമ്മാണത്തിനാവശ്യമായ സ്വർണം സ്വീകരിക്കുന്നതിൽ ചട്ടലംഘനം നടന്നെങ്കിൽ അക്കാര്യത്തിൽ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിമാക്കാരുൾപ്പെടെ നിരവധിപേർ കൊടിമരത്തിനും വാജി വാഹനത്തിനുംവേണ്ടി സ്വർണം നൽകിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.ശബരിമലയിലെ കൊടിമരത്തിൻ്റെ പുനർനിർമ്മാണത്തിനായി സ്വർണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്‌പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ദേവസ്വം വിജിലൻസ് ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിലാണ് കണ്ടെത്തലുള്ളത്. എക്സിക്യൂട്ടീവ് ഓഫീസറെ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരിൽ നിന്ന് എഎസ്പി കുറുപ്പ് നേരിട്ട് സ്വർണം വാങ്ങിയത് ചട്ടലംഘനമെന്നാണ് കണ്ടെത്തൽ. സ്വർണ്ണത്തിൻ്റെ അളവ് വിശദമാക്കുന്ന രസീത് നൽകുന്നതിലും വീഴ്ചയുണ്ടായി എന്നും കണ്ടെത്തലുണ്ട്. സ്വർണ ബിസ്‌കറ്റുകളും നാണയങ്ങളും അടക്കമുള്ളവയാണ് എഎസ്‌പി കുറുപ്പ് സ്വീകരിച്ചത്. ബാക്കിവന്ന സ്വർണം എവിടെ ഉപയോഗിച്ചെന്നതിലും കൃത്യമായ രേഖകളില്ല എന്നും കണ്ടെത്തലുണ്ട്.
ശബരിമല കൊടിമരക്കൊള്ള; മോഹൻലാലിൻ്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലൻസ്


