റെസ്റ്റോറന്റിൽ നിന്ന് മീൻമുട്ട കഴിച്ച ജയിൽ ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിൽ

വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്തെ അസ്‌മാക് റെസ്റ്റോറന്റിൽ നിന്ന് മീൻമുട്ട കഴിച്ച തൃക്കാക്കര ജയിലിലെ വീവിങ് ഇൻസ്പെക്ടറായ എസ് അരുൺ രാജിന്റെ(39) നില ഗുരുതരമായി തുടരുന്നു. ഇതേ റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച് അവശനിലയിലായ എല്ലാവരിലും പ്രകടമാകുന്നത് ഒരേ ലക്ഷണങ്ങളാണെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ അരുൺരാജ് ചികിത്സയിലിരിക്കുന്ന സ്വകാര്യ ആശുപത്രിയിൽ മറ്റ് രണ്ടുപേരും ചികിത്സയിലുണ്ടെന്നാണ് വിവരം. വെൻ്റിലേറ്ററിൽ തുടരുന്ന അരുൺരാജിനെ അക്യൂട്ട് ഐസിയുവിലേക്ക് മാറ്റുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.റസ്റ്റോറന്റിൽ നിന്നും കഴിഞ്ഞ തിങ്കളാഴ്ച‌ വൈകിട്ട് ഏഴു മുതൽ പുലർച്ചെ രണ്ടുവരെ ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായത്. ഇതേ റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച റിട്ട എസ്ഐ മധുസൂദനനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ന്യൂറോപോസിങ്ങിന് സമാനമായ നടക്കാൻ ബുദ്ധിമുട്ട്, ശ്വാസകോശങ്ങളുടെ മസിലുകൾക്ക് ശക്തിക്ഷയം, ഇരട്ടക്കാഴ്‌ച എന്നിവയാണ് കടൽവിഭവങ്ങൾ കഴിച്ച് അവശനിലയിലായവരിൽ പ്രധാനമായും കാണപ്പെടുന്ന ലക്ഷണങ്ങൾ.
സാഹചര്യങ്ങൾ കണക്കിലെടുത്ത് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അടിയന്തര ചികിത്സ നൽകുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.അരുണും ഭാര്യ പൂജയും മകൻ അയാനും ബന്ധുവായ പത്തുവയസുകാരി ദിയാ ഗിരീഷും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. കൊഞ്ചും കണവയും കഴിച്ച പൂജയ്ക്കും പുട്ടും മീൻകറിയും കഴിച്ച കുട്ടികൾക്കും ശാരീരിക ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ല. കൊല്ലം നിലമേൽ സ്വദേശികളായ രണ്ടു പേർ വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും കടൽവിഭവം കഴിച്ചതിന് പിന്നാലെ മരിച്ചിരുന്നു. ഇതിന് പുറമേ മറ്റ് എട്ടോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൊട്ടാരക്കര പട്ടാഴി സ്വദേശികളായ ശ്രീജയും മകളും ശനിയാഴ്‌ച ഡിസ്‌ചാർജ് വാങ്ങിപ്പോയി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top