കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് കുടുംബ വഴക്കിനിടെ പിതാവിന്റെ കുത്തേറ്റ് മകൾ മരിച്ചതിന് പിന്നാലെ ആക്രമണത്തിൽ പരിക്കേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മരിച്ചത്. ആക്രമണത്തിൽ കുത്തേറ്റ ഷേഖ് അബ്ബ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രതിയായ ഉമർ ഫാറൂഖിനെ പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.
ഇന്നലെ വൈകിട്ട് ഷേഖ് അബ്ബയുടെ വീട്ടിലാണ് നാടിനെ നടുക്കിയ ആക്രമണം നടന്നത്. ഉമർ ഫാറൂഖും ഭാര്യ താഹിറയും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങളുള്ളതായിട്ടാണ് പൊലീസ് പറയുന്നത്. ഇയാൾ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ ചൊല്ലിയായിരുന്നു ഇരുവരും തമ്മിലുള്ള തർക്കം. ബന്ധം വേർപിരിയുന്നതെങ്കിൽ തനിക്കു കുടുംബസ്വത്തായി ലഭിച്ചതും പിന്നീട് ഭാര്യയുടെ പേരിലാക്കി മാറ്റിയതുമായ 10 സെന്റ് തിരികെ തരണമെന്ന് ഉമർ ഫാറൂഖ് ആവശ്യപ്പെട്ടു. എന്നാൽ ഇത് സംബന്ധിച്ച് വീണ്ടും തർക്കമുണ്ടായി. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത്.തർക്കത്തിനിടെ പ്രകോപിതനായ പ്രതി കൈയിൽകരുതിയ കത്തി ഉപയോഗിച്ച് ഭാര്യസഹോദരിയുടെ ഭർത്താവ് ഷേഖ് അബ്ബയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഭാര്യാസഹോദരിയെയും വെട്ടി. ഇതിനിടെയാണ് സ്‌കൂളിൽ നിന്നെത്തിയ മകൾ ജുമൈലയ്ക്ക് വഴക്ക് തടയാൻ ശ്രമിക്കുന്നതിനിടെ കഴുത്തിലും വയറ്റിലും കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ജുമൈലയ്ക്ക് ജീവൻ നഷ്ടമായി.പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നാണ് നാട്ടുകാരും ബന്ധുക്കളുടെയും മൊഴി. അടുത്തിടെ ലഹരി ഉപയോഗിച്ചെത്തി ഇയാൾ ഭാര്യയുമായി വഴക്കിട്ടിരുന്നു. ലഹരി ഉപയോഗിച്ചെത്തിയുള്ള വഴക്ക് പതിവായതോടെ ഉമറിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. വിദേശത്തായിരുന്ന ഉമർ ഫറൂഖ് മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. ഇയാൾക്കെതിരെ നിരവധി കേസുകൾ ഉണ്ടെന്നാണ് വിവരം. ഒരുഘട്ടത്തിൽ വിവാഹമോചനമെന്ന തീരുമാനത്തിൽ വരെ എത്തിയിരുന്നു. ബന്ധുക്കൾ ഇടപെട്ടായിരുന്നു പ്രശ്‌നം പരിഹരിച്ചത്. എന്നാൽ ഇതിന് ശേഷം ഇയാൾ ലഹരി ഉപയോഗം പതിവാക്കുകയായിരുന്നുവെന്നാണ് സൂചന.
മഞ്ചേശ്വരത്തെ കുടുംബവഴക്ക്: മകൾക്ക് പിന്നാലെ കുത്തേറ്റ ബന്ധുവും മരിച്ചു; പ്രതി ലഹരിക്ക് അടിമയെന്ന് ബന്ധുക്കൾ


