കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി. പൾസർ സുനി അടക്കം നാല് പ്രതികളാണ് കോടതിയെ സമീപിച്ചത്. 20 വർഷത്തെ കഠിന തടവാണ് പൾസർ സുനിക്ക് വിചാരണ കോടതി വിധിച്ചത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതി പെരുമ്പാവൂർ വേങ്ങൂർ നടുവിലേക്കുടി വീട്ടിൽ സുരേന്ദ്രൻ മകൻ സുനിൽ എൻ എസ് എന്ന പൾസർ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടിൽ ആൻ്റണി മകൻ മാർട്ടിൻ ആന്റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പിൽ ബാബു മകൻ ബി.മണികണ്ഠൻ, നാലാം പ്രതി കണ്ണൂർ കതിരൂർ മംഗലശ്ശേരി വീട്ടിൽ രാമകൃഷ്‌ണൻ മകൻ വി പി വിജീഷ്, അഞ്ചാം എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പിൽ വീട്ടിൽ ഹസ്സൻ മകൻ എച്ച് സലീം എന്ന വടിവാൾ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തിൽ വീട്ടിൽ ഉഷ ശ്രീഹരൻ മകൻ പ്രതീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.കേസിൽ ശിക്ഷിക്കപ്പെട്ട ആറ് പേരിൽ പൾസർ സുനിയാവും ആദ്യം ജയിലിൽ നിന്ന് പുറത്തിറങ്ങുക. പൾസർ സുനി ഏഴര വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞതിനാൽ 20 വർഷം കഠിന തടവിൽ ഇനി 13 വർഷം ജയിലിൽ കഴിഞ്ഞാൽ മതി. പൾസർ സുനിക്കൊപ്പം മാർട്ടിൻ ആൻ്റണിയും (രണ്ടാം പ്രതി) ഏഴ് വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞു. ഇയാളും 13 വർഷം തടവിൽ കഴിഞ്ഞാൽ മതി. 2039 ഓടെ ഇവർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവും. മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പിൽ ബാബു മകൻ ബി.മണികണ്ഠഠനാണ്. എന്നാൽ മൂന്നര വർഷമായി വിചാരണ തടവിലാണ് ഇയാൾ. അവശേഷിക്കുന്ന 16 വർഷവും ആറ് മാസവും ശിക്ഷ അനുഭവിക്കണം. നാലാം പ്രതി കണ്ണൂർ കതിരൂർ മംഗലശ്ശേരി വീട്ടിൽ രാമകൃഷ്‌ണൻ മകൻ വി.പി.വിജീഷ് 2 വർഷമായി വിചാരണ തടവിൽ കഴിയുകയാണ്. ഇയാൾ 16 വർഷവും ആറ് മാസവും കൂടി ശിക്ഷ അനുഭവിക്കണം. അഞ്ചാം പ്രതി എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പിൽ വീട്ടിൽ ഹസ്സൻ മകൻ എച്ച് സലീം എന്ന വടിവാൾ സലിം, 2 വർഷം വിചാരണ തടവ് അനുഭവിച്ചത്. 20 വർഷത്തെ ശിക്ഷയിൽ അവശേഷിക്കുന്ന 18 വർഷം തടവിൽ കഴിയണം. ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തിൽ വീട്ടിൽ ഉഷ ശ്രീഹരൻ മകൻ പ്രതീപും 2 വർഷമായി വിചാരണ തടവുകാരനാണ്. 18 വർഷം ശിക്ഷാ കാലാവധിയാണ് പ്രതിക്ക് ബാക്കിയുള്ളത്.
എട്ടാം പ്രതി ദിലീപിനെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. എന്നാൽ ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും വിചാരണ കോടതി പരിഗണിച്ചില്ലെന്നാണ് സർക്കാരിൻ്റെ വാദം.
നടിയെ ആക്രമിച്ച കേസിലെ ശിക്ഷ; ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി


