തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജു, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ജ്വല്ലറി ഉടമ ഗോവർദ്ധൻ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ എന്നിവരെ 14 ദിവസത്തേയ്ക്ക് കൂടി റിമാൻഡ് ചെയ്തു. പ്രതികളെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജി പരിഗണിക്കുന്നത് ഫെബ്രുവരി മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്. കട്ടിള പാളി കേസിലാണ് മൂന്നാം തീയതി വാദം കേൾക്കുക. ദ്വാരപാലക ശിൽപകേസിൽ തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. തന്ത്രിക്കായി മുതിർന്ന അഭിഭാഷകൻ കെ രാമൻപിള്ള ഓൺലൈനായി ഹാജരായി.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്തിലേക്കും കേന്ദ്രീകരിക്കുകയാണ് എസ്ഐടി. തിരുവനന്തപുരം പൊലീസ് ക്ലബ്ബിൽ വെച്ച് പ്രശാന്തിന്റെ മൊഴിയെടുത്തു. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ, യാത്രാവിവരങ്ങൾ തുടങ്ങിയവ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.എന്നാൽ കേസിൽ താൻ നേതൃത്വം നൽകിയിരുന്ന ബോർഡിനെയും ഉദ്യോഗസ്ഥരെയും കുടുക്കാൻ ബോധപൂർവ്വമായ നീക്കം നടത്തുന്നുവെന്നായിരുന്നു ദിവസങ്ങൾക്കു മുൻപ് പി എസ് പ്രശാന്ത് ആരോപിച്ചത്. തന്റെ ഭരണകാലത്ത് സ്വർണപ്പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും പ്രശാന്ത് പറഞ്ഞിരുന്നു.
സ്വർണ്ണക്കൊള്ള; നാല് പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി, തന്ത്രിയുടെ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി


