പീഡനത്തിനു ഇരയായ 13, 17 വയസ്സ് പ്രായമുള്ള രണ്ടു പെൺകുട്ടികൾ ഗർഭിണികൾ; 18 കാരൻ അറസ്റ്റിൽ, തെങ്ങുകയറ്റ തൊഴിലാളിയെ തെരയുന്നു

കാസർകോട്: പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ വിവാഹ വാഗ്ദാനം ചെയ്‌തു പീഡിപ്പിച്ച് ഗർഭിണികളാക്കിയ സംഭവങ്ങളിൽ പൊലീസ് പോക്സോ പ്രകാരം രണ്ടു കേസുകൾ രജിസ്റ്റർ ചെയ്‌തു. രാജപുരം, നീലേശ്വരം പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തത്. രാജപുരം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ കർണ്ണാടക സ്വദേശിയായ സിദ്ധാർത്ഥിനെ കസ്റ്റഡിയിലെടുത്തു. പീഡനം നടന്നത് അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് അങ്ങോട്ടേയ്ക്ക് മാറ്റി.
കർണ്ണാടക സ്വദേശിനിയായ പെൺകുട്ടി വർഷങ്ങളായി അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാതാപിതാക്കൾക്ക് ഒപ്പമാണ് താമസം. ഇതിനിടയിലാണ് സിദ്ധാർത്ഥ് വിവാഹ വാഗ്ദാനം ചെയ്‌ത്‌ പെൺകുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനാൽ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണി ആണെന്നു വ്യക്തമായത്. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ചാണ് രാജപുരം പൊലീസ് പോക്സോ പ്രകാരം കേസെടുത്തത്.
17വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നീലേശ്വരം പൊലീസ് 19 വയസ്സുള്ള തെങ്ങുകയറ്റ തൊഴിലാളിക്കെതിരെ കേസെടുത്തത്. ഇൻസ്റ്റഗ്രാമിൽ കൂടിയാണ് നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ കർണ്ണാടക സ്വദേശിനിയായ പെൺകുട്ടിയെ യുവാവ് പരിചയപ്പെട്ടത്. പിന്നീട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവത്രെ. കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് കലശലായ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഡോക്ടറെ സമീപിച്ചത്. പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്നു വ്യക്തമാവുകയും നീലേശ്വരം പൊലീസിനെ അറിയിക്കുകയും ചെയ്‌തു. പോക്സോ കേസിലെ പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top