കിളിമാനൂരിൽ ജീപ്പിടിച്ച് ദമ്പതികളുടെ മരണം: പ്രതി വിഷ്‌ പൊലീസ് പിടിയിൽ, വാഹനത്തിൽ ഉന്നത ഉദ്യോഗസ്ഥർ?

തിരുവനന്തപുരം കിളിമാനൂരിൽ ജീപ്പിടിച്ച് ഇരുചക്രവാഹന യാത്രികരായ ദമ്പതികൾ മരിച്ച സംഭവത്തിൽ വാഹന ഉടമ വള്ളക്കടവ് സ്വദേശി വിഷ്ണു‌വിനെ പൊലീസ് പിടികൂടി. നെയ്യാറ്റിൻകരയിൽനിന്നാണ് വിഷ്ണുവിനെ പിടികൂടിയത്. വിഷ്ണുവിന്റെ സുഹൃത്തിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ‌് ചെയ്തു ചോദ്യം ചെയ്ത‌ിരുന്നു. ഇതിനു പിന്നാലെയാണ് കേരള-തമിഴ്നാട് അതിർത്തിയിൽനിന്ന് പ്രത്യേക പൊലീസ് സംഘം വിഷ്ണുവിനെ പിടികൂടിയത്. സംസ്‌ഥാനത്തിനു പുറത്തേക്കു രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു വിഷ്ണുവെന്നാണു സൂചന.വിഷ്ണുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. അപകടത്തിൽ ദമ്പതികൾ മരിച്ച് ഇത്ര ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തതിൽ പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അപകടസമയത്ത് വിഷ്ണുവാണോ ജീപ്പ് ഓടിച്ചിരുന്നത് എന്നതിൽ വ്യക്തതയില്ല. ജീപ്പിൽനിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെയും അഗ്നിരക്ഷാസേനാ ഉദ്യോഗസ്‌ഥന്റെയും തിരിച്ചറിയൽ കാർഡുകൾ കിട്ടിയെന്നു നാട്ടുകാർ പറഞ്ഞിരുന്നു. ഇവരിൽ ആരെങ്കിലും ആണോ ജീപ്പ് ഓടിച്ചത് എന്നാണ് ഇനി അറിയേണ്ടത്. എന്നാൽ ഈ രണ്ടു പേരുടെയും ഫോൺ ലൊക്കേഷൻ പരിശോധിച്ചുവെന്നും ഇവർ അപകടസമയത്ത് മറ്റിടങ്ങളിൽ ആയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.അപകടത്തിനു പിന്നാലെ വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചെങ്കിലും സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ദമ്പതികളുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം കനത്ത സാഹചര്യത്തിൽ വിഷ്ണുവിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തുകയായിരുന്നു. ദമ്പതികളെ ഇടിച്ചിട്ട വാഹനത്തിനുള്ളിലുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള നീക്കമെന്നാണ് മരിച്ചവരുടെ ബന്ധുക്കളുടെ പരാതി. അന്വേഷണത്തിലെ വീഴ്ച‌ കണക്കിലെടുത്ത് കിളിമാനൂർ എസ്എച്ച്ഒ. ബി.ജയൻ, എസ്ഐ ആർ.യു.അരുൺ, ഗ്രേഡ് എസ്ഐ ഷജിം എന്നിവരെ സസ്പെൻഡ് ചെയ്ത‌ിരുന്നു. തുടർന്ന് അന്വേഷണം ആറ്റിങ്ങൽ ഡിവൈഎസ്‌പി എസ്.മഞ്ജുലാലിനു കൈമാറി.ഈ മാസം 4ന് വൈകിട്ട് പാപ്പാലയിൽ നടന്ന അപകടത്തിലാണ് കൊല്ലം കുമ്മിൾ പഞ്ചായത്തിലെ മുക്കുന്നം പുതുക്കോട് രാജേഷ് ഭവനിൽ എം.രജിത്ത് (41) ഭാര്യ അംബിക (36) എന്നിവർ മരിച്ചത്. അംബിക മരിച്ചതറിഞ്ഞിട്ടും പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഭർത്താവ് രജിത്തിന്റെയോ ദൃക്‌സാക്ഷികളുടെയോ മൊഴി പൊലീസ് എടുത്തിരുന്നില്ലെന്നും പരാതിയുണ്ട്. അപകടത്തിനിടയാക്കിയ ജീപ്പിൽ 3 പേർ ഉണ്ടായിരുന്നതായി ബന്ധുക്കളും ദൃക്സാക്ഷികളും മൊഴി നൽകിയിരുന്നു. ജീപ്പിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നില്ലെന്നും പരാതിയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top