കാസർകോട്: അമിത വേഗതയിൽ എത്തിയ കാറിടിച്ച് തച്ചങ്ങാട്ടെ ട്രാൻസ്ഫോർമർ തകർന്നു വീണു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. തച്ചങ്ങാട്-പാലക്കുന്ന് റോഡിൽ തച്ചങ്ങാട് ജംഗ്ഷനിലെ ട്രാൻസ്ഫോർമറാണ് പൂർണ്ണമായും തകർന്നത്.
പാലക്കുന്ന് ഭാഗത്തു നിന്നും എത്തിയ കാർ റോഡിൽ നിന്നു രണ്ടു മീറ്റർ മാറിയുള്ള ട്രാൻസ്ഫോർമറിൻ്റെ ഇരുമ്പു വേലിയിലും കരിങ്കൽതറയിലും ഇടിച്ചാണ് നിന്നത്. ചട്ടഞ്ചാൽ ഭാഗത്തുള്ള യുവാക്കൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന രണ്ടുപേർക്കു നിസാര പരിക്കേറ്റു. ഇവർക്ക് ഉദുമയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സ നൽകി. അപകടത്തെ തുടർന്ന് തച്ചങ്ങാട്ടെയും പരിസരത്തെയും വൈദ്യുതി വിതരണം പൂർണ്ണമായും നിലച്ചു. അപകടസമയത്തു തന്നെ വൈദ്യുതി പ്രവാഹം നിലച്ചതിനാലാണ് വൻദുരന്തം ഒഴിവായത്.
അമിത വേഗതയിൽ ഓടിയ കാറിടിച്ച് ട്രാൻസ്ഫോർമർ തകർന്നു; ഒഴിവായത് വൻ ദുരന്തം


