ശബ്‌ദം പുറത്തറിയാതിരിക്കാൻ ബ്ലൂടൂത്ത് സ്പ‌ീക്കറിൽ ഉറക്കെ പാട്ട് വെച്ച് അധ്യാപകനെ ക്രൂരമായി തല്ലി; മർദ്ദിച്ച് കവർച്ച നടത്തിയ 3 പേർ പിടിയിൽ

കോഴിക്കോട്: അധ്യാപകൻ താമസിച്ചിരുന്ന ഫ്ളാറ്റിൻ്റെ വാതിൽ ചവിട്ടിത്തുറക്കുകയും മർദ്ദിച്ച് കവർച്ച നടത്തുകയും ചെയ്‌ത സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പാറമ്മൽ സ്വദേശി മുഹമ്മദ് ജാസിർ(22), പള്ളിത്താഴം സ്വദേശി മുഹമ്മദ് നിഹാൽ(22), കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് സൂറകാത്ത്(24) എന്നിവരാണ് പന്തീരാങ്കാവ് പൊലീസിൻ്റെ പിടിയിലായത്. അധ്യാപകനായ മുഹമ്മദ് മുഷ്ഫിക്കിനെയാണ് സംഘം മർദ്ദിക്കുകയും കവർച്ച നടത്തുകയും ചെയ്തത്.ഇക്കഴിഴിഞ്ഞ ന്യൂയർ ദിവസം രാവിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കോഴിക്കോട് ഹൈലൈറ്റ് മാളിനടുത്തുള്ള സരോജ് റെസിഡൻസിയിലെ 108-ാം നമ്പർ ഫ്ളാറ്റിൽ രാത്രി എത്തിയ സംഘം ഡോർ ചവിട്ടിത്തുറക്കുകയും മുഷ്ഫിക്കിനെ അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌തു. ശബ്‌ദം പുറത്ത് കേൾക്കാതിരിക്കാൻ ബ്ലൂ ടൂത്ത് സ്പീക്കറിൽ ഉച്ചത്തിൽ പാട്ട് വെച്ചായിരുന്നു ആക്രമണം. തുടർന്ന് 10,000 രൂപ, ലാപ്ടോപ്, മൊബൈൽ ഫോൺ, ഇൻഡക്ഷൻ കുക്കർ എന്നിവയുമായി കടന്നുകളയുകയായിരുന്നു.
ഫറോക്ക് എസിപി എ.എം സിദ്ദീഖിൻ്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും പന്തീരാങ്കാവ് ഇൻസ്പെക്ടർ ശ്രീകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസും സംയുക്തമായാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ മൂന്ന് പേരെയും റിമാന്റ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top