തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തി . രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദി നഗരത്തിൽ റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് രാവിലെ 11.00 ന് പുത്തരിക്കണ്ടത്തെത്തുന്ന മോദി തിരുവനന്തപുരം-താംബരം, തിരുവനന്തപുരം -ഹൈദരാബാദ്, നാഗർകോവിൽ- മംഗളൂരു അമൃത് ഭാരത് ട്രെയിനുകൾ, ഗുരുവായൂർ-തൃശൂർ പാസഞ്ചർ എന്നിവ ഫ്ലാഗ് ഓഫ് ചെയ്യും.
ഇതേ ചടങ്ങിൽ തന്നെ ഇന്നവേഷൻ, ടെക്നോളജി ആൻഡ് ഒൻട്രപ്രണർഷിപ് ഹബ്ബിന്റെ തറക്കല്ലിടലും നിർവഹിക്കും. ലൈഫ് സയൻസസ് മേഖലയിലെ ഡീപ് ടെക് ഇന്നവേഷൻ, സംരംഭകത്വ പരിശീലനം, ആയുർവേദ ഗവേഷണം, സുഗന്ധവ്യഞ്ജന ഇൻകുബേഷൻ, ഗ്രീൻ ഹൈഡ്രജൻ സാങ്കേതിക വിദ്യ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഹബ്. പാപ്പനംകോട് സിഎസ്ഐആറിൽ ഹബ്ബിനായി 10 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. ഈ ചടങ്ങുകൾക്കു ശേഷം പാർട്ടി വേദിയിലേക്ക് പോകുന്ന പ്രധാനമന്ത്രി ഉച്ചയോടെ തമിഴ്‌നാട്ടിലേക്ക് തിരിക്കും.നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലേക്ക് കടന്നുവരുന്ന എല്ലാ വാഹനങ്ങളും നഗരാതിർത്തിയിൽ കർശന സുരക്ഷ പരിശോധനക്ക് വിധേയമാക്കും. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ ഡൊമസ്റ്റിക് എയർപോർട്ട് -ശംഖുമുഖം -ഓൾസെയിന്റ്സ് – ചാക്ക പേട്ട – പള്ളിമുക്ക് – പാറ്റൂർ – ജനറൽ ആശുപത്രി – ആശാൻ സ്ക്വയർ- രക്തസാക്ഷി മണ്ഡപം- വി ജെ ടി- മെയിൻഗേറ്റ്-സ്റ്റാച്യു- പുളിമൂട് – ആയുർവേദ കോളേജ്- ഓവർ ബ്രിഡ്‌ജ്- മേലെ പഴവങ്ങാടി-പവർഹൗസ് ജംഗ്ഷൻ- ചൂരക്കാട്ട്പാളയം വരെ റോഡിൻ്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ശംഖുംമുഖം – ഡൊമസ്റ്റിക് എയർ പോർട്ട് -വലിയതുറ പൊന്നറപ്പാലം -കല്ലുംമ്മൂട് – അനന്തപുരി ഹോസ്‌പിറ്റൽ ഈഞ്ചയ്ക്കൽ – മിത്രാനന്ദപുരം – എസ് പി ഫോർട്ട് – ശ്രീകണ്ഠേശ്വരം പാർക്ക് -തകരപ്പറമ്പ് മേൽപ്പാലം – പവർഹൗസ് ജംഗ്ക്ഷൻ വരെയുളള റോഡിലും ചാക്ക-അനന്തപുരി ഹോസ്‌പിറ്റൽ റോഡിൻ്റെയും ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവാദമില്ല.ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ പാർക്ക് പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, അതിവേഗ റെയിൽപാത സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. അതിവേഗ റെയിൽപാതയുടെ ഡിപിആർ തയ്യാറാക്കാൻ ഡൽഹി മെട്രോ റെയിൽവേ കോർപറേഷനെ റെയിൽവേ മന്ത്രാലയം ചുമതലപ്പെടുത്തിരുന്നു. ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഈ ശ്രീധരന്റെ നേതൃത്വത്തിൽ ആയിരിക്കും അതിവേഗ റെയിൽവേ പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുക. ഒമ്പത് മാസത്തിനകം ഡിപിആർ കൈമാറാനാണ് ഇ ശ്രീധരൻ ശ്രമിക്കുന്നത്.
പൊന്നാനിയിൽ ഡിഎംആർസിയുടെ ഓഫീസ് തുറക്കും. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള 430 കിലോമീറ്റർ ദൂരത്തിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗമാണ് ലക്ഷ്യം. സംസ്ഥാന സർക്കാരിൻ്റെ സിൽവർ ലൈൻ പദ്ധതി പൂർണമായി തള്ളിയാണ് അതിവേഗ റെയിലുമായി കേന്ദ്രസർക്കാർ എത്തുന്നത്.സംസ്ഥാന സർക്കാരിൻ്റെ ആവശ്യപ്രകാരം 2009ൽ ഇ ശ്രീധരൻ്റെ നേതൃത്വത്തിൽ അതിവേഗ പാതയ്ക്കായി ഡിപിആർ തയ്യാറാക്കി തുടങ്ങിയിരുന്നു. ഇതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയായിരിക്കും പുതിയ പദ്ധതി. നിലവിൽ റെയിൽവേ ലൈൻ ഇല്ലാത്ത മേഖലകൾക്ക് മുൻഗണന നൽകാനും ആലോചനയുണ്ട്. ആദ്യ ഡിപിആറിനെ അവഗണിച്ചാണ് സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോയത്.
പ്രധാനമന്ത്രി തലസ്ഥാനത്ത്; വിവിധ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം


