GPS-ൽ കുരുങ്ങി പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ; സോഫ്റ്റ്വേറിൽ മാറ്റംവേണമെന്ന് കേന്ദ്രത്തോട് കേരളം

തിരുവനന്തപുരം: പുതിയ വാഹനങ്ങളിൽ രജിസ്ട്രേഷന് ഘടിപ്പിക്കേണ്ട വെഹിക്കിൾ ട്രാക്കിങ് ഡിവൈസ് (ജിപിഎസ്) വാഹൻ സോഫ്റ്റ്‌വേറുമായി ബന്ധിപ്പിക്കാൻ കഴിയാത്തത് വാഹന ഉടമകളെ വലയ്ക്കുന്നു.
വാഹനങ്ങളുടെ യാത്ര നിരീക്ഷിക്കാൻ കഴിയുന്ന ജിപിഎസ് സംവിധാനം ചരക്ക്, ട്രാൻസ്പോർട്ട് വാഹനങ്ങളിൽ നിർബന്ധമാണ്. ഉപകരണം ഘടിപ്പിച്ചാലേ രജിസ്ട്രേഷൻ ലഭിക്കൂ.പൊതുയാത്രാവാഹനങ്ങളിൽ ഓട്ടോറിക്ഷയെ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. ജനുവരി ഒന്നുമുതൽ ജിപിഎസ് വ്യവസ്ഥകളിൽ കേന്ദ്രസർക്കാർ മാറ്റംവരുത്തിയതിനെത്തുടർന്നാണ് പ്രതിസന്ധി ഉടലെടുത്തത്. ജിപിഎസ് ഘടിപ്പിച്ചാലും മോട്ടോർവാഹനവകുപ്പിന്റെ സോഫ്റ്റ്വേറുമായി ഇവ ബന്ധിപ്പിക്കാനാവാത്തതാണ് പ്രശ്‌നമാകുന്നത്.രണ്ടാഴ്ചയായി ഒട്ടേറെ വാഹനങ്ങളുടെ രജിസ്ട്രേഷൻ മുടങ്ങിയതിനെത്തുടർന്ന് നടന്ന പരിശോധനയിലാണ് സാങ്കേതികപ്പിഴവ് കണ്ടെത്തിയത്. വെഹിക്കിൾ ഇൻസ്പെക്ടർമാർ രേഖകൾ പരിശോധിക്കുന്ന സമയം വാഹനത്തിൻ്റെ ഇഗ്നീഷ്യൻ ഓണായിരിക്കണം. എങ്കിലേ ജിപിഎസ് സിഗ്നൽ സോഫ്റ്റ്വേറിൽ ലഭിക്കൂ. രജിസ്ട്രേഷൻ പൂർത്തീകരിക്കാത്തതിനാൽ ഈസമയം വാഹനം ഡീലർ ഷോറൂമിലായിരിക്കും.
ഉദ്യോഗസ്ഥർ ഏതുസമയം ഓൺലൈൻ ഫയൽ പരിശോധിക്കുമെന്ന് തിരിച്ചറിഞ്ഞ് വാഹനം ഓണാക്കിനിർത്തേണ്ട സ്ഥിതിയാണ്. ഇത് അപ്രായോഗികമാണെന്ന് വാഹന ഉടമകൾ പറയുന്നു. ഉദ്യോഗസ്ഥർ ഫയൽ പരിശോധിക്കുമെന്ന പ്രതീക്ഷയിൽ വാഹനത്തിന്റെ ഇഗ്നീഷ്യൻ ഓണാക്കിയിട്ടാൽ ബാറ്ററിച്ചാർജ് നഷ്ട‌മാകും. പരാതിയുടെ പശ്ചാത്തലത്തിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയശേഷം ജിപിഎസ് ബന്ധിപ്പിക്കുന്നവിധം സോഫ്റ്റ്‌വേറിൽ മാറ്റംവരുത്താൻ ഗതാഗതവകുപ്പ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top