സ്വർണത്തീപ്പൊരി! പവന് 1,400 രൂപയുടെ മുന്നേറ്റം

എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയിൽ കുതിച്ച് സ്വർണവില. സംസ്ഥാനത്ത് സ്വർണം ഗ്രാമിന് 175 രൂപ വർധിച്ച് 13,355 രൂപയിലെത്തി. പവൻ വില 1,400 രൂപ വർധിച്ച് 1,06,840 രൂപയുമായി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. ജനുവരി 14ന് രേഖപ്പെടുത്തിയ പവന് 1,05,600 രൂപയാണ് കേരളത്തിലെ ഇതുവരെ ഉണ്ടായിരുന്ന ഉയർന്ന വില.
ഗ്രീൻലൻഡ് വിഷയത്തിൽ ഡെൻമാർക്ക്, സ്വീഡൻ, ഫ്രാൻസ്, ജർമനി, നെതർലൻഡ്‌സ്, ഫിൻലൻഡ്, യുകെ എന്നീ രാജ്യങ്ങൾക്കാണ് ഫെബ്രുവരി ഒന്ന് മുതൽ 10 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനെതിരെ യൂറോപ്യൻ യൂണിയൻ (ഇയു) തിരിച്ചടിക്കൊരുങ്ങുകയാണ്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിച്ചു. ട്രംപിൻ്റെ തീരുവ ഒഴിവാക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ ഇയു. ഇത് പരാജയപ്പെടുകയോ ട്രംപ് തീരുവയുമായി മുന്നോട്ടുപോവുകയോ ചെയ്താൽ തിരിച്ചടക്കാനാണ് ഇയു ധാരണ. യുഎസിന് മേലുള്ള തീരുവ പുനസ്‌ഥാപിക്കുക, യുഎസ് കമ്പനികളെ യൂറോപ്പിൽ നിന്ന് വിലക്കുക തുടങ്ങിയ സാധ്യതകളാണ് പരിശോധിക്കുന്നത്.യുഎസ് ഡോളറിൻ്റെ വിനിമയ നിരക്ക് ഇടിഞ്ഞതും സ്വർണവില വർധിക്കാൻ ഇടയാക്കിയെന്നാണ് വിലയിരുത്തൽ. പ്രമുഖ കറൻസികൾക്കെതിരെ ഡോളറിന്റെ വിനിമയ നിരക്ക് കണക്കാക്കുന്ന ഡോളർ സൂചിക 0.30 ശതമാനം ഇടിഞ്ഞ് 99ലെത്തി. ഡോളർ ഇടിയുമ്പോൾ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നത് എളുപ്പമാക്കും. ഇത് ഡിമാൻഡും വർധിപ്പിക്കും. രാജ്യാന്തര വിപണിയിൽ ഔൺസിന് 4,660 ഡോളറെന്ന നിലയിലാണ് നിലവിൽ സ്വർണം. രാവിലെ ഔൺസിന് 4,690 ഡോളറോളം ഉയർന്നിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top