‘അവധി താ സാറേ…’; കണ്ണൂർ കളക്ടറുടെ അഭിനന്ദന പോസ്റ്റിൽ ആവശ്യമിങ്ങനെ, പക്ഷെ അവധിയില്ല

കണ്ണൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർ ജില്ലയ്ക്ക് വിജയം ആഘോഷിക്കാൻ ഇന്ന് അവധിയില്ല. പകരമായി സ്വർണക്കപ്പ് നേടിയ പ്രതിഭകൾക്ക് സ്വീകരണം ഒരുക്കും. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജില്ലാ അതിർത്തിയായ മാഹിയിൽ സ്വീകരണം നൽകും.
മാഹിയിൽ നിന്ന് തലശ്ശേരി, ധർമ്മടം മുഴപ്പിലങ്ങാട് എടക്കാട് ചാല, താഴെചൊവ്വ, മേലെ ചൊവ്വ വഴി കാൾടെക്‌സിൽ എത്തി വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ആനയിച്ച് നാല് മണിയോടെ ടൗൺ സ്ക്വയറിൽ സ്വീകരണം നൽകും.
പരിപാടിയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മറ്റ് ജന പ്രതിനിധികൾ സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടെ പങ്കെടുക്കും. എന്നാൽ ‘അഭിനന്ദനം മാത്രേ ഉള്ളൂ അല്ലേ, ലീവ് ഇല്ലല്ലേ, അവധി താ സാറേ..’ എന്നെല്ലാമാണ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിനുതാഴെ വരുന്ന പ്രതികരണങ്ങൾ.64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ 1,023 പോയിൻ്റുമായി കണ്ണൂർ ഒന്നാമതെത്തിയപ്പോൾ 1,018 പോയിൻ്റുകളുമായി തൃശൂരാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 249 മത്സരയിനങ്ങളുടെ ഫലപ്രഖ്യാപനം പുറത്തുവന്നതോടെ ഏറ്റവുമധികം പോയിൻ്റുകൾ നേടി കണ്ണൂർ ജില്ലാ കലാകിരീടം ചൂടുകയായിരുന്നു. തൊട്ടുപിന്നിൽ ഒട്ടും വിട്ടുകൊടുക്കാതെ തൃശൂർ ജില്ല ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും അവസാനഘട്ടത്തിൽ കപ്പ് കണ്ണൂർ തൂക്കുകയായിരുന്നു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ണൂർ ജില്ലയ്ക്ക് മലയാളത്തിൻ്റെ പ്രിയ നടൻ മോഹൻലാലാണ് സ്വർണക്കപ്പ് സമ്മാനിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top