സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോം നൽകിയില്ല; പുൽപ്പള്ളിയിൽ 14കാരിക്ക് നേരെ ആസിഡ് ആക്രമണം, അയൽവാസി അറസ്റ്റിൽ

കൽപ്പറ്റ: പുൽപ്പള്ളിയിൽ ആസിഡ് ആക്രമണത്തിൽ 14കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഒരു കണ്ണിന് ഭാഗീകമായി കാഴ്ച്ച നഷ്‌ടപ്പെട്ടതായാണ് വിവരം. മരകാവ് പ്രിയദർശിനി ഉന്നതിയിലെ മണികണ്ഠൻ്റെ മകൾ മഹാലക്ഷ്മിയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ അയൽവാസിയായ രാജു ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു‌. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.സ്റ്റുഡന്റ് പൊലീസ് കേഡറ്റിൽ പ്രവർത്തിക്കുന്ന പെൺകുട്ടിയോട് രാജു ജോസ് യൂണിഫോം തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പെൺകുട്ടി അതിന് തയ്യാറായില്ല. ഇതാണ് പ്രകോപനത്തിന് കാരണമായത് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. പ്രതിക്ക് മാനസിക വെല്ലുവിളിയുള്ളതായി സംശയിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തിൽ പെൺകുട്ടിയുടെ കണ്ണുകൾക്കടക്കം ഗുരുതരമായി പരിക്കേറ്റു. മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡി. കോളേജിലേക്ക് പെൺകുട്ടിയെ മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top