കോട്ടയം: സംഘർഷം രൂക്ഷമായിരിക്കുന്ന ഇറാനിൽ കുടുങ്ങിക്കിടക്കുന്ന 12 മലയാളി എം.ബി.ബി.എസ് വിദ്യാർത്ഥികളെ തിരിച്ചു കൊണ്ടുവരാൻ സഹായിക്കണമെന്ന് വീട്ടുകാർ മുഖ്യമന്ത്രിയോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു. ഇറാനിലെ കെർമാനിലാണ് വിദ്യാർത്ഥികൾ കുടുങ്ങിയിട്ടുള്ളത്. ഇറാനിലെ കെർമൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിൽ എംബിഎസ്എസ് ഒന്നാം വർഷവും രണ്ടാം വർഷവും പഠിക്കുന്നവരാണ് വിദ്യാർത്ഥികളിലേറെയും. വാർഷിക പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
സംഘർഷത്തെ തുടർന്ന് അധികൃതർ വിദ്യാർത്ഥികളോട് വീടുകളിൽ തന്നെ തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇന്റർനെറ്റ് വിച്ഛേദിച്ചതിനാൽ കുടുംബവുമായി ആശയവിനിമയം നടത്താൻ കഴിയുന്നില്ലെന്നും കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ അഫ്നാൻ ഷെറിൻ അഷ്റഫിൻ്റെ പിതാവ് തരിഷ് റഹ്മാൻ പറയുന്നു. സംഘർഷം കുട്ടികൾ താമസിക്കുന്ന പ്രദേശത്തെ നേരിട്ട് ബാധിച്ചിട്ടില്ലെങ്കിലും, സുരക്ഷാ നിയന്ത്രണങ്ങൾ കാരണം വീടുകളിൽ തന്നെ കഴിയാൻ അധികൃതർ നിർദേശിക്കുകയായിരുന്നു. കുട്ടികളുമായി ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ അവരുടെ സുരക്ഷയെ ഓർത്ത് കുടുംബം ആശങ്കയിലാണെന്ന് വിദേശകാര്യ മന്ത്രാലയത്തിനും ഇറാനിലെ ഇന്ത്യൻ എംബസിക്കും അയച്ച കത്തിൽ മാതാപിതാക്കൾ ചൂണ്ടിക്കാട്ടി.
കെർമാനിലെ ഡോർമിറ്ററിയിലാണ് വിദ്യാർത്ഥികൾ താമസിക്കുന്നത്. സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ അവിടെ തുടരുന്നത് ജീവന് ഭീഷണിയാണ്. പ്രക്ഷോഭകർ കുട്ടികൾ താമസിക്കുന്ന വസതിക്ക് സമീപം വെടിമരുന്ന് പ്രയോഗം നടത്തിയതായുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട്.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനി പി.പി. മുഫ്ലിഹ, മഞ്ചേരി സ്വദേശിനി വി. ജിംഷ, കോട്ടക്കൽ സ്വദേശിനി എം. ഫർസാന, തിരൂർ സ്വദേശിനി എം.ടി. ആയിഷ ഫെബിൻ, പാണ്ടിക്കാട് ആഷിഫ, തേഞ്ഞിപ്പലം സ്വദേശിനി കെ.കെ. സന, കോഴിക്കോട് സ്വദേശിനി റാണ ഫാത്തിമ, കൊയിലാണ്ടി സ്വദേശിനി ഫാത്തിമ ഹന്ന, കോട്ടയം ഈരാറ്റുപേട്ട സ്വദേശിനി അഫാൻ ഷെറിൻ, പറവൂർ സ്വദേശി സി.എ. മുഹമ്മദ് ഷഹബാസ്, കാസർകോട് സ്വദേശിനികളായ ഫാത്തിമ ഫിദ ഷെറിൻ, നസ്റ ഫാത്തിമ എന്നിവരാണ് ഇറാനിൽ കുടുങ്ങിയിട്ടുള്ള മറ്റുള്ളവർ.അതിനിടെ ഇറാനിലെ പ്രക്ഷോഭങ്ങളുടെ സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇറാനിൽ നിന്നും ഒഴിപ്പിക്കാനുള്ളവരുടെ ആദ്യ പട്ടിക തയ്യാറാക്കി. പട്ടികയിൽ ഉൾപ്പെട്ട ആളുകളോട് തയ്യാറായി നിൽകാൻ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. നിലവിലെ സാഹചര്യത്തിൽ ഇറാനിൽ ജോലി ചെയ്യുന്നവരോടും വിദ്യാർത്ഥികളോടും മടങ്ങാനാണ് ഇന്ത്യയുടെ നിർദ്ദേശം. ഏകദേശം പതിനായിരത്തോളം ഇന്ത്യാക്കാർ ഇറാനിലുണ്ടെന്നാണ് നിഗമനം.
ടെഹ്റാനിലെയും ഇസ്ഫഹാനിലെയും മെഡിക്കൽ കോളേജുകളിലടക്കം നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഇതിന് പുറമെ തീർത്ഥാടകരായി ഇറാനിലെത്തിയവരും ഇവിടെയുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. ഇറാൻ അധികൃതർ സഹകരിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സ്ഥിതി വിദേശകാര്യമന്ത്രാലയം വീണ്ടും വിലയിരുത്തും. അതിന് ശേഷമാകും ഒഴിപ്പിക്കൽ ആരംഭിക്കുക.
ഇറാനിൽ കുടുങ്ങിക്കിടക്കുന്ന 12 മലയാളി എം.ബി.ബി.എസ് വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും നിവേദനം


