ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണമോഷണക്കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റിൽ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സ്വർണക്കൊള്ള കേസിലെ പന്ത്രണ്ടാം അറസ്റ്റാണിത്. ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് എസ്ഐടി ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണത്തിൽ എന്ത് അസംബന്ധമാണ് നടക്കുന്നതെന്നാണ് തിങ്കളാഴ്‌ച ഹൈക്കോടതി ചോദിച്ചത്. മകൻ പൊലീസ് ഓഫിസർ ആയതിനാൽ, കേസിൽ പ്രതിയായതുമുതൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് ആശുപത്രിയിലാണ്. കെ പി ശങ്കർദാസിനെ പരിശോധിച്ച മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ട് ഹാജരാക്കാൻ അദ്ദേഹത്തിൻ്റെ മുൻകൂർ ജാമ്യഹർജി പരിഗണിച്ച കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ശങ്കർദാസ് തിരുവനന്തപുരത്തെ ആശുപത്രിയിൽ അബോധാവസ്ഥയിലാണെന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. തെളിവായി ഫോട്ടോകളും ചികിത്സാ രേഖകളും ഹാജരാക്കി. ഇതെല്ലാം തള്ളിയാണ് അറസ്റ്റിലേക്ക് എസ്ഐടി കടന്നത്. എ.പത്മകുമാർ പ്രസിഡൻറായിരുന്ന ഭരണസമിതിയിലെ ബോർഡ് അംഗമായിരുന്നു. അറസ്റ്റ് വിവരം കൊല്ലം വിജിലൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ശങ്കരദാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്‌ചയാണ് ഇനി കോടതി പരിഗണിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top