കൊച്ചി: ശബരിമല സ്വർണക്കടത്തുകേസിൽ ദേവസ്വം ബോർഡിനെതിരെ വിമർശനവുമായി ഹൈക്കോടതി. സ്വർണക്കടത്തു കേസിലെ പ്രതികളുടെ ജാമ്യഹർജികളിൽ വാദം തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമർശനം. എല്ലാം ഉണ്ണികൃഷ്‌ണൻ പോറ്റിയെ ഏൽപ്പിച്ചത് എന്തിനെന്നായിരുന്നു കോടതിയുടെ ചോദ്യം. ദേവസ്വം ബോർഡിന് എന്താണ് പണിയെന്നും ചോദിച്ചു.
ശബരിമലയിലെ ശ്രീകോവിലിൻ്റെ വാതിൽ, കട്ടിളപ്പാളി, ദ്വാരപാലക ശില്‌പം എന്നിവ അടക്കമുള്ളവയിൽ സ്വർണം പൂശുന്നതിനായി ഉണ്ണികൃഷ്‌ണൻ പോറ്റിയെയാണ് ഏൽപ്പിച്ചതെന്ന പ്രോസിക്യൂഷൻ വാദത്തിന് പിന്നാലെയാണ് കോടതിയുടെ വിമർശനം.
മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാർ, ബല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ, മുൻ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യഹർജികളിലാണ് കോടതി വാദം കേട്ടത്. വാദം തുടരുന്നതിനിടെ താൻ ശബരിമലയിൽ പല ആവശ്യങ്ങൾക്കായി 1.40 കോടി രൂപയോളം ചെലവഴിച്ചു, ശബരിമല ശ്രീകോവിലിൻ്റെ വാതിൽ 35ലക്ഷം രൂപ മുടക്കി പണിതുകൊടുത്തു, ശ്രീ കോവിലിൻ്റെ മുമ്പിലെ ഹുണ്ടിക നിർമ്മിച്ചു കൊടുത്തു, ഇപ്പോൾ 25 ദിവസമായി ജയിലിൽ കിടക്കുകയാണെന്ന് ഗോവർദ്ധൻ പറഞ്ഞു.
അയ്യപ്പന്റെ തികഞ്ഞ വിശ്വാസിയായ താൻ കേസിൽ കുടുക്കപ്പെട്ടിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിലിരുന്ന തന്നെ പൊടുന്നനെ പിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഗോവർധൻ പറഞ്ഞു. ഇതിനെ എതിർത്ത എസ്.ഐ.ടി ഉണ്ണികൃഷ്‌ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഗോവർധനനും സ്വർണക്കടത്തിൽ പ്രധാന പങ്കുണ്ടെന്ന് കോടതിയെ അറിയിച്ചു.
എല്ലാം ഉണ്ണികൃഷ്‌ണൻ പോറ്റിയെ ഏൽപ്പിച്ചാൽ ദേവസ്വം ബോർഡിന് എന്താണ് പണി? ശബരിമല സ്വർണക്കടത്തുകേസിൽ ഹൈക്കോടതി


