ജി.എസ്.ടി ഉദ്യോഗസ്ഥർ ചമഞ്ഞ് സംസ്ഥാവ്യാപകമായി വൻ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കിയ സംഘം പിടിയിൽ

പത്തനംതിട്ട: ജി.എസ്.ടി ഉദ്യോഗസ്ഥർ ചമഞ്ഞ് സംസ്ഥാവ്യാപകമായി വൻ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കിയ സംഘം പിടിയിൽ. കൊഴഞ്ചേരി ബിജോ ഭവനിൽ ബിജോ മാത്യു (35), തിരുവനന്തപുരം ചെമ്പഴന്തി ജലജാ ലൈനിൽ ശ്രീഹരി വീട്ടിൽ താമസിക്കുന്ന ഇമ്മാനുവൽ ആർ എ(42), തിരുവനന്തപുരം ശ്രീമൂലം റോഡിൽ കൊടാക്കേരിൽ വീട്ടിൽ ഡെന്നിസ് ജേക്കബ് (51) എന്നിവരാണ് പിടിയിലായത്. ജി എസ് ടി വകുപ്പ് റെയ്ഡ് നടത്തിയതും ലൈസൻസ് റദ്ദായതുമായ സ്ഥാപനങ്ങളിൽ ജി.എസ്.ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചമഞ്ഞ് പിഴയും കുടിശ്ശികയും തവണകളാക്കി നൽകാമെന്നും കുറവ് ചെയ്തു നൽകാമെന്നും പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയത്. ജില്ലാ പൊലിസ് മേധാവി ആർ ആനന്ദിന്റെ നിർദ്ദേശത്തെ തുടർന്ന് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി അനീഷ് കെ.ജിയുടെ നേതൃത്വത്തിൽ ആണ് പ്രതികളെ പിടികൂടിയത്. 84 ലക്ഷം രൂപയോളം പലരിൽ നിന്നായി ഇവർ തട്ടിയെടുത്തിട്ടുണ്ട്.ജി.എസ്.ടി വകുപ്പിൽ നിന്നും റെയ്‌ഡ്‌ നടത്തിയതും ലൈസൻസ് റദ്ദായതുമായ സ്ഥാപനങ്ങളെക്കുറിച്ച് വിവരശേഖരണം നടത്തിയതിനു ശേഷം അവരുടെ സ്ഥാപനങ്ങളിൽ യാദൃശ്ചികമായി എത്തുന്നതുപോലെ അഭിനയിച്ചായിരുന്നു തട്ടിപ്പ്. ആദ്യം ബിജോ മാത്യുവാണ് സ്ഥാപനങ്ങളിലെത്തുക. ജി.എസ്.ടിയിലെ ഇന്റലിജൻസ് സ്ക്വാഡിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് താൻ എന്നും ജി.എസ്.ടി, ഇഡി, ഇൻകം ടാക്സ് എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ തനിക്കു സഹായിക്കാൻ സാധിക്കും എന്നും പറഞ്ഞ് ഉടമകളുടെ അവരുടെ വിശ്വാസം നേടുന്ന ബിജോ മാത്യു പിന്നീട് ജി.എസ്.ടി ഇന്റലിജൻസിൻ്റെ ചാർജ് ഉള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞ് ഇമ്മാനുവലിനേയും, ജി എസ് ടി കമ്മീഷണറായി ഡെന്നിസ് ജേക്കബ് എന്നയാളെയും അവതരിപ്പിക്കും. തുടർന്ന് സ്ഥാപന ഉടമകളിൽ നിന്നും പണം കൈക്കലാക്കുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
ഇത്തരത്തിൽ കോഴഞ്ചേരിയിലെ ഒരു ബേക്കറിയിൽ എത്തിയ ബിജോ മാത്യു ജി.എസ്.ടി ഉദ്യോഗസ്ഥനാണെന്ന് പരിചയ പ്പെടുത്തിയപ്പോൾ ബേക്കറി ഉടമയ്ക്ക് സംശയം തോന്നി. ബേക്കറി ഉടമ ജി.എസ്.ടി വകുപ്പിലെ ഇന്റലിജൻസ് ഡപ്യൂട്ടി കമ്മീഷണറെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തെപ്പറ്റി വിവരം ലഭിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരെയും നേതാക്കളെയും പരിചയമുണ്ടെന്നു പറഞ്ഞും അവരോടോത്തുള്ള ചിത്രങ്ങൾ കാണിച്ചുമാണ് പ്രതികൾ ആളുകളിൽ വിശ്വാസം ജനിപ്പിക്കുന്നത്. ഇത്തരത്തിൽ പത്തനംതിട്ട ജില്ലയിൽ മറ്റൊരു ബേക്കറി ഉടമയിൽ നിന്നും 15 ലക്ഷം രൂപയും ആശുപത്രി ഉടമയിൽ നിന്നും 17 ലക്ഷം രൂപയും, മറ്റൊരു ബേക്കറി -ക്വാറി ഉടമയിൽ നിന്നും 5 ലക്ഷവും, ഫർണീച്ചർ കട ഉടമയിൽ നിന്നും 4 ലക്ഷവും, കഞ്ഞങ്ങാടുള്ള ഒരു കമ്പനിയിൽനിന്നും 45 ലക്ഷവും ഈ സംഘം തട്ടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top