പാലക്കാട് : മലമ്പുഴയിൽ അധ്യാപകൻ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ ഗുരുതര കണ്ടെത്തൽ. സംസ്കൃത അധ്യാപകൻ അനിലിനെതിരെയാണ് കൂടുതൽ കണ്ടെത്തലുകൾ. സ്‌കൂളിൽ വെച്ചും ലൈംഗിക അതിക്രമം നടന്നതായി വിദ്യാർത്ഥികളുടെ മൊഴി.
ചില വിദ്യാർത്ഥികളെ അധ്യാപകൻ താമസിക്കുന്ന സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചുവെന്നും വിദ്യാർത്ഥികൾ പൊലീസിൽ മൊഴി നൽകി. വിഷയത്തിൽ കൂടുതൽ പരാതികൾ വരാൻ സാധ്യതയെന്നും പൊലീസ് പറഞ്ഞു. അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്നും പൊലീസ് അറിയിച്ചു. നിലവിൽ അനിൽ റിമാൻഡിലാണ്.ഇന്നലെ അധ്യാപകനെതിരെ അഞ്ച് വിദ്യാർത്ഥികളാണ് പൊലീസിൽ മൊഴി നൽകിയത്.
സിഡബ്ല്യുസി നടത്തിയ കൗൺസിലിങ്ങിനിടെയാണ് വിദ്യാർത്ഥികൾ ദുരനുഭവം തുറന്ന് പറഞ്ഞത്. ആദ്യഘട്ടത്തിൽ കൗൺസിലിങ്ങിന് വിധേയരാക്കിയ വിദ്യാർത്ഥികളാണ് ഇപ്പോൾ പൊലീസിന് മൊഴി നൽകിയത്. യു പി ക്ലാസിലെ ആൺകുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. കൂടുതൽ വിദ്യാർത്ഥികൾ തുറന്നുപറച്ചിൽ നടത്തിയതോടെ അടുത്ത ദിവസങ്ങളിലും സിഡബ്ല്യുസി കൗൺസിലിങ് തുടരാനാണ് തീരുമാനം.അതേസമയം വിദ്യാർത്ഥിയെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച വിവരമറിഞ്ഞിട്ടും സ്‌കൂൾ അധികൃതർ ദിവസങ്ങളോളം മറച്ചുവച്ചുവെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് ചൈൽഡ് ലൈനിൽ സ്‌കൂൾ പരാതി നൽകിയതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.ഡിസംബർ 18നായിരുന്നു പീഡന വിവരം വിദ്യാർത്ഥി സഹപാഠിയോട് തുറന്ന് പറഞ്ഞത്. ആ ദിവസം തന്നെ സംഭവം സ്‌കൂൾ അധികൃതർ അറിഞ്ഞിരുന്നു. തുടർന്ന് 19-ാം തിയതി അധ്യാപകനെ സ്‌കൂളിൽ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാൽ സംഭവം പൊലീസിനെയോ ബന്ധപ്പെട്ടവരെയോ അറിയിക്കാൻ വൈകിയെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിൻ്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പീഡനവിവരം മറച്ചുവെച്ചതിൽ സ്‌കൂൾ അധികൃതർക്കെതിരെയും നടപടിയുണ്ടാകും.
വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച കേസ്; സ്‌കൂളിൽ വെച്ച് ലൈംഗിക അതിക്രമം നടന്നതായി വിദ്യാർത്ഥികളുടെ മൊഴി


