പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിൽ നിന്ന് കോട്ടൺ തുണി പുറത്തുവന്ന സംഭവം: അന്വേഷണത്തിന് ഡിഎംഒയുടെ നിർദേശം

വയനാട്: മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയിൽ അന്വേഷണത്തിന് നിർദേശം. പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിൽ നിന്ന് കോട്ടൺ തുണി പുറത്തുവന്ന സംഭവത്തിലാണ് ഡിഎംഒയുടെ നിർദേശം. യുവതി മന്ത്രി ഒ ആർ കേളുവിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് നിർദേശിച്ചിരിക്കുന്നത്.
ഒക്ടോബർ 20നായിരുന്നു മാനന്തവാടി പാണ്ടക്കടവ് സ്വദേശിനിയായ 21കാരിയുടെ പ്രസവം നടന്നത്. 25ന് യുവതിയെ ഡിസ്ചാർജ് ചെയ്തു‌. ഇതിന് പിന്നാലെ യുവതിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയും മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തി ഡോക്ടറെ കാണുകയും ചെയ്തു‌. എന്നാൽ വെള്ളം കുടിക്കാത്തതാണ് പ്രശ്‌നം എന്ന് പറഞ്ഞ് യുവതിയെ ഡോക്ടർ മടക്കി അയച്ചു. ഇതിന് പിന്നാലെ യുവതിക്ക് വീണ്ടും വയറുവേദന അനുഭവപ്പെടുകയും ഡോക്ടറെ കാണുകയും ചെയ്‌തു. എന്നാൽ വിശദമായ പരിശോധന പോലും നടത്താതെ മടക്കി അയച്ചു.ഇതിന് ശേഷവും യുവതിക്ക് വയറുവേദന അനുഭവപ്പെട്ടു. ഇതിനിടെ ഡിസംബർ 29ന് ശരീരത്തിൽ നിന്ന് കോട്ടൺ തുണി പുറത്തുവരികയും ദുർഗന്ധം അനുഭവപ്പെടുകയുമായിരുന്നു. രക്തസ്രാവം തടയാൻവെയ്ക്കുന്ന തുണി പുറത്തെടുക്കാത്തതാണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തിന് പിന്നാലെ യുവതി മന്ത്രി ഒ ആർ കേളുവിനും പൊലീസിനും പരാതി നൽകുകയായിരുന്നു. ഇതിലാണ് ഡിഎംഒ അന്വേഷണത്തിന് നിർദേശിച്ചിരിക്കുന്നത്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top