19 കിലോ ഗ്രാം വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുത്തനെ വർധിപ്പിച്ച് എണ്ണ കമ്പനികൾ. 111 രൂപയാണ് ജനുവരി ഒന്നിന് വർധിപ്പിച്ചത്. വില വർധനവ് വാണിജ്യ സിലിണ്ടറുകൾക്ക് മാത്രമാണ്, വീട്ടാവശ്യങ്ങൾക്കുള്ള സിലണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
പുതിയ തീരുമാനത്തോടെ ഹോട്ടലുകൾ, റസ്റ്റോറൻ്റ്, കാറ്ററിങ് സർവീസ് അടക്കമുള്ള മേഖലകളിൽ പ്രവർത്തന ചെലവ് ഉയരും. പുതുക്കിയ നിരക്കോടെ 19 കിലോ വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 1691.50 രൂപയായി. നേരത്തെ 1580.50 രൂപയായിരുന്നു വില. കൊച്ചിയിൽ വില 1,698 രൂപയായി. നേരത്തെ 1587 രൂപയായിരുന്നു. കോഴിക്കോട്ട് 1,719 രൂപ. തിരുവനന്തപുരത്ത് 1,730 രൂപ എന്നിങ്ങനെയാണ് പുതിയ വില.വാണിജ്യ എൽപിജി സിലണ്ടർ വിലയിൽ കഴിഞ്ഞ വർഷം അവസാനം കമ്പനികൾ നേരിയ കുറവുവരുത്തിയിരുന്നു. ഈ ആശ്വാസം ഇല്ലാതാക്കുന്ന തരത്തിലുള്ള വർധനയാണ് ഇന്നുണ്ടായത്. ഡിസംബറിൽ 10 രൂപയും നവംബറിൽ 5 രൂപയുമായിരുന്നു സിലണ്ടറിന് കുറച്ചിരുന്നത്. ഒക്ടോബറിൽ 15.50 രൂപ വർധിപ്പിച്ചിരുന്നെങ്കിലും ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 225 രൂപയാണ് വാണിജ്യ സിലണ്ടർ വിലയിൽ വന്ന കുറവ്.
വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന 14.20 കിലോഗ്രാം സിലിണ്ടർ വിലയിൽ മാറ്റമില്ല. കൊച്ചിയിൽ വില 860 രൂപയാണ്. കോഴിക്കോട് 861.5 രൂപ, തിരുവനന്തപുരത്ത് 862 രൂപ എന്നിങ്ങനെയാണ് നിലവിലെ വില. 2024 മാർച്ച് എട്ടിനായിരുന്നു അവസാനമായി വീട്ടാവശ്യത്തിനുള്ള പാചകവാതക സിലണ്ടർ വില കുറച്ചത്.
പുതുവർഷത്തിൽ ഇരുട്ടടി; എൽപിജി വില 111 രൂപകൂടി


