യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സൂപ്പർഫാസ്റ്റായി മാറിയ തീവണ്ടികൾ തിരിച്ചറിഞ്ഞ് സപ്ലിമെൻ്ററി ടിക്കറ്റെടുത്തില്ലെങ്കിൽ കീശ കാലിയാകും; 15 രൂപയുടെ ടിക്കറ്റ് എടുക്കാൻ മറന്നാൽ പിഴയായി നൽകേണ്ടിവരിക 265 രൂപ

തിരുവനന്തപുരം: സൂപ്പർഫാസ്റ്റായി മാറിയ തീവണ്ടികൾ തിരിച്ചറിഞ്ഞ് സപ്ലിമെൻ്ററി ടിക്കറ്റെടുത്തില്ലെങ്കിൽ യാത്രക്കാരെ കാത്തിരിക്കുന്നത് കനത്ത പിഴ. 15 രൂപയുടെ ടിക്കറ്റ് എടുക്കാൻ മറന്നാൽ 265 രൂപയാണ് പിഴ അടയ്‌ക്കേണ്ടത്. 250 രൂപയാണ് മിനിമം പിഴ. ഇതിന് പുറമേ ടിക്കറ്റ് തുകയും നൽകണം.
യുടിഎസ്, റെയിൽവൺ തുടങ്ങിയ മൊബൈൽ ആപ്പുകൾ സജീവമായതോടെയാണ് യാത്രക്കാർക്ക് അബദ്ധം പറ്റുന്നത്. നേരത്തെ കൗണ്ടറുകളിൽ നിന്ന് അൺ റിസർവ്‌ഡ് ടിക്കറ്റെടുത്തിരുന്ന അവസരത്തിൽ സൂപ്പർഫാസ്റ്റ് ട്രെയിനുകളെക്കുറിച്ചുള്ള സൂചന റെയിൽവേ ജീവനക്കാർ നൽകിയിരുന്നു. ഇപ്പോൾ ഓൺലൈനിൽ ടിക്കറ്റെടുക്കാനുള്ള സൗകര്യം വന്നതോടെയാണ് ഇക്കാര്യം മുൻകൂട്ടി അറിയാൻ കഴിയാതെ പോകുന്നത്.
ചില തീവണ്ടികൾക്ക് പഴയ വിളിപ്പേര് തുടരുന്നതും യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നു. ചെന്നൈ സൂപ്പർഫാസ്റ്റ് സൂപ്പർഫാസ്റ്റാണെങ്കിലും മെയിൽ എന്നാണ് ഇപ്പോഴും അറിയപ്പെടുന്നത്. അടുത്തിടെ ശബരി എക്‌സ്പ്രസും സൂപ്പർഫാസ്റ്റായി മാറിയിരുന്നു.
റെയിൽവൺ, യുടിഎസ് മൊബൈൽ ആപ്പുകളിലെ ‘ടൈപ്പ് ഓഫ് ട്രെയിൻ’ എന്ന ടാബിൽ പ്രവേശിച്ചാൽ ഏതുവിഭാഗത്തിലെ തീവണ്ടിയാണ് എത്തുന്നതെന്ന വിവരം യാത്രക്കാർക്ക് മുൻകൂട്ടി അറിയാൻ കഴിയുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. സ്റ്റേഷനുള്ളിൽ മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് ടിക്കറ്റെടുക്കുന്നതിന് നിയന്ത്രണമുണ്ടെങ്കിലും സൂപ്പർഫാസ്റ്റ് ടിക്കറ്റിന് ഇളവുണ്ട്. യാത്ര തുടങ്ങുന്നതിന് മുൻപുവരെ ഇതെടുക്കാം.
മൊബൈൽ ആപ്പുകളിൽ എക്‌സ്പ്രസ് ടിക്കറ്റെടുത്ത് കഴിഞ്ഞവർക്ക് സ്റ്റേഷൻ കൗണ്ടറിൽനിന്ന് സൂപ്പർഫാസ്റ്റിനുള്ള 15 രൂപ ടിക്കറ്റെടുക്കാനുള്ള സൗകര്യവുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top