കൊച്ചി രാജ്യത്ത് ആദ്യമായി ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. എറണാകുളം ജനറൽ ആശുപത്രിയിലാണ് ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുക. വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്‌ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബുവിൻ്റെ (47) ഹൃദയം ഇനി തുടിക്കുക നേപ്പാൾ സ്വദേശിനി ദുർഗ കാമിയിൽ (23). തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് 10 മണിയോടെ ഹൃദയം എടുത്ത് എയർ ആംബുലൻസിൽ കൊച്ചിയിലെത്തിക്കും. 12 മണിയോടെ ശസ്ത്രക്രിയ നടക്കും.ഹൃദയത്തിനു പുറമെ ഷിബുവിൻ്റെ രണ്ട് വൃക്കകൾ, കരൾ, 2 നേത പടലങ്ങൾ, സ്കിൻ എന്നിവയും ദാനം ചെയ്യും. ഒരു വൃക്കയും കരളും കിംസിലെ രോഗിയിൽ മാറ്റിവെച്ചു. ഹാർട്ട് വാൽവ്, നേത്രപടലങ്ങൾ എന്നിവ രോഗികൾക്ക് കൈമാറാനായി സൂക്ഷിച്ച് വയ്ക്കും. കോട്ടയം മെഡിക്കൽ കോളജിൽ മുൻപ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നിട്ടുണ്ടെങ്കിലും ഒരു ജില്ലാ തല ആശുപത്രിയിൽ ഇത് ആദ്യമായാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനുള്ള ലൈസൻസ് സംസ്‌ഥാന സർക്കാരിന്റെ അവയവദാന പ്രക്രിയ ഏകോപിപ്പിക്കുന്ന കെ സോട്ടോ, എറണാകുളം ജനറൽ ആശുപത്രിക്ക് കൈമാറിയിരുന്നു. ശസ്ത്രക്രിയ നടത്താൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സൂപ്രണ്ട് ഡോ. ഷഹിർഷാ വ്യക്തമാക്കി.കഴിഞ്ഞ ആറു മാസത്തിലധികമായി ജനറൽ ആശുപത്രിയിലെ ചികിത്സയിലാണ് ദുർഗ. അപൂർവമായ ജനിതാവസ്ഥയായ ഡാനോൻ മൂലം ഹൃദയസംബന്ധമായ ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി എന്ന രോഗമുണ്ട് ദുർഗയ്ക്ക്. അമ്മയും സഹോദരിയും ഇതേ അസുഖം ബാധിച്ചാണ് മരിച്ചത്. പിതാവും നേരത്തേ മരിച്ചിരുന്നു. സഹോദരൻ മാത്രമാണ് ഇപ്പോൾ കൂട്ടിനുള്ളത്. നേപ്പാളിലെ അനാഥാലയത്തിൽ പഠിച്ചു വളർന്ന ദുർഗയ്ക്ക് ഇതിൻ്റെ നടത്തിപ്പുകാരനായ മലയാളിയാണ് കേരളത്തിലെ ചികിത്സയെക്കുറിച്ച് പറയുന്നത്. തുടർന്ന് ആറു മാസം മുൻപ് കേരളത്തിലെത്തി ചികിത്സ തേടിയെങ്കിലും വിദേശി എന്ന നിലയിൽ ഹൃദയം ലഭിക്കുക നിയമപരമായി ബുദ്ധിമുട്ടായിരുന്നു. അവയവ കൈമാറ്റവുമായി ബന്ധപ്പെട്ട കേന്ദ്ര നിയമം അനുസരിച്ച് സംസ്ഥാനം, മേഖല, ദേശീയ, ഇന്ത്യൻ വംശജർ കഴിഞ്ഞിട്ടു മാത്രമേ വിദേശികൾക്ക് അവയവം ദാനം ചെയ്യാൻ കഴിയൂ. ഒടുവിൽ ഹൈക്കോടതിയ സമീപിച്ചാണ് തൻ്റെ രോഗാവസ്‌ഥ ബോധ്യപ്പെടുത്തുന്നതും അവയവം സ്വീകരിക്കാൻ ദുർഗയ്ക്ക് മുൻഗണന ലഭിക്കുന്നതും.
രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ഷിബുവിൻ്റെ ഹൃദയം തുടിക്കുക നേപ്പാൾ സ്വദേശിനിയിൽ


