പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തില്‍ മറുപടിയുമായി കെഎസ്ഇബി മുന്‍ ചെയര്മാന് ബി അശോക്. പിണറായി വിജയന്റെ വിമര്‍ശനം ഓര്‍മ്മ പിശക് കൊണ്ട് ആയിരിക്കാം എന്ന് ബി അശോക് വ്യക്തമാക്കി. ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതില്‍ ഉദ്യോഗസ്ഥ വീഴ്ച ഇല്ല. കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മുന്നിലുണ്ട്. വസ്തുതകള്‍ മനസ്സിലാക്കാതെയാണ് ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതില്‍ പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം എന്നും ബി അശോക് വിമര്‍ശിച്ചു.
പ്രായമായതുകൊണ്ട് നമുക്കെല്ലാവര്‍ക്കും സംഭവിക്കുന്നത് തന്നെ ആയിരിക്കാം പ്രതിപക്ഷ നേതാവിനും സംഭവിച്ചത്. ഉദ്യോഗസ്ഥരുടെ ചുമലില്‍ പഴിചാരി രക്ഷപ്പെടാനുള്ള വിരുത് ആണിത്. ചത്ത കുഞ്ഞ് ജീവിച്ചിരുന്നുവെങ്കില്‍ ഞാന്‍ ജാതകം എഴുതിയേനെ എന്നു പറയുന്നതില്‍ എന്ത് കാര്യം. കേരളത്തില്‍ നടക്കാത്ത കാര്യത്തെക്കുറിച്ച് ചൊറിഞ്ഞ് ഇരുന്നിട്ട് എന്ത് കാര്യമെന്നും ബി അശോക് ചോദിച്ചു.
സോളാര്‍ സംഭരിച്ച് രാത്രി ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കാത്തത് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പരോക്ഷമായി പ്രതിപക്ഷ നേതാവ് പറയുന്നത് താനായിരുന്നു സര്‍ക്കാര്‍ എന്നാണ്. അത്തരം ഒരു ബഹുമതി തനിക്ക് വേണ്ടെന്നും ബി അശോക് വ്യക്തമാക്കി. കൃത്രിമമായി വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലാക്കാനും തുടര്‍ന്ന് കേരളത്തിന്റെ വൈദ്യുതി മേഖലയെ സ്വകാര്യ കുത്തകള്‍ക്ക് അടിയറവ് വെക്കാനുമാണ് യു.ഡി.എഫ് സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്ന് പിണറായി വിജയന് ഇന്നലെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ധവളപത്രത്തില്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ ഈ സ്വകാര്യവല്‍ക്കരണ റൂട്ട് മാപ്പ് വ്യക്തമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.യാതൊരു മുന്നറിയിപ്പുകളോ സമയക്രമമോ ഇല്ലാതെ സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തിയത് സര്‍ക്കാരിന്റെ കടുത്ത കെടുകാര്യസ്ഥതയും ഭരണപരമായ പരാജയവുമാണ്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പീക്ക് ഡിമാന്‍ഡ് 6100 മെഗാവാട്ട് വരെ ഉയര്‍ന്നപ്പോഴും പവര്‍കട്ട് ഇല്ലാതെ മാനേജ് ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ ഡിമാന്‍ഡ് 4800-4900 MW ആയി കുറഞ്ഞിട്ടും ജനങ്ങള്‍ക്ക് ആവശ്യത്തിന് വൈദ്യുതി നല്കാന് സര്‍ക്കാരിന് കഴിയുന്നില്ല.
സര്‍ക്കാരിന്റെ ഈ പിടിപ്പുകേട് മറച്ചുവെക്കാനാണ് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് മേല്‍ കുറ്റം ചാരുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.2015-ല്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റെഗുലേറ്ററി കമ്മീഷന്റെയോ സര്‍ക്കാരിന്റെയോ അനുമതിയില്ലാതെ ഒപ്പിട്ട കരാറിലെ നിയമപ്രശ്നങ്ങളാണ് അത് റദ്ദാക്കാന്‍ കാരണം. പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ കരാര്‍ പുനഃസ്ഥാപിക്കാന്‍ സുപ്രീം കോടതി വരെ നിയമപോരാട്ടം നടത്തി. എന്നാല്‍ അന്നത്തെ ബോര്‍ഡ് ചെയര്മാന് അടക്കമുള്ള ഉദ്യോഗസ്ഥ-റെഗുലേറ്ററി തലങ്ങളിലാണ് ഈ കരാര്‍ വേണ്ടെന്നുവെച്ചത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയും മറ്റ് സംസ്ഥാനങ്ങളുമായി സ്വാപ്പിംഗ് കരാറുകള്‍ ഉണ്ടാക്കിയുമാണ് പ്രതിസന്ധികള്‍ മറികടന്നത്.രാജ്യത്തെ 60 ശതമാനത്തോളം വൈദ്യുതി ഉല്‍പ്പാദനവും അദാനി, അംബാനി, ടാറ്റ തുടങ്ങിയ സ്വകാര്യ കുത്തകകളുടെ കൈകളിലാണ്. അവര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കിക്കൊടുക്കാന്‍ വേണ്ടിയാണ് ഇത്തരം വൈദ്യുതി പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെടുന്നത്. അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നുപോലും ഒരു ഉഭയകക്ഷി കരാര്‍ ഉണ്ടാക്കാന്‍ പരാജയപ്പെട്ട യുഡിഎഫ് സര്‍ക്കാര്‍, ജനങ്ങളെ ദുരിതത്തിലാക്കി സ്വകാര്യ മേഖലയെ രക്ഷകരായി അവതരിപ്പിക്കാനാണ് അണിയറയില്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
പിണറായി വിജയന് ഓര്‍മ്മപ്പിശക് , ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതില്‍ ഉദ്യോഗസ്ഥ വീഴ്ച ഇല്ല; മറുപടിയുമായി കെഎസ്ഇബി മുന്‍ ചെയര്മാന് ബി. അശോക്

