സ്വർണവില ഉച്ചയ്ക്ക് തിരിച്ചുകയറി; വഴിയൊരുക്കിയത് രൂപയുടെ വീഴ്ചയും വിലക്കുറവിന്റെ ‘മുതലെടുപ്പും’

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് രാവിലെ കേരളത്തിലും കൂപ്പുകുത്തിയ സ്വർണവില ഉച്ചയ്ക്ക് കുതിച്ചുയർന്നു. ഡോളറിനെതിരെ രൂപ നേരിട്ട വൻ ഇടിവും രാജ്യാന്തര തലത്തിൽ സ്വർണവില ഇടിഞ്ഞതിനെ തുടർന്ന് ദൃശ്യമായ ‘ബയിങ് ദ ഡിപ്’ ട്രെൻഡുമാണ് തിരിച്ചുകയറ്റത്തിന് വഴിവച്ചത്.
അതേസമയം, രാജ്യാന്തരവില ഇപ്പോഴും നഷ്‌ടത്തിൽ തുടരുകയാണ്. ഔൺസിന് 22 ഡോളർ നഷ്‌ടവുമായി 4343 ഡോളറിലാണ് വ്യാപാരം.
യുഎസിന്റെ നിർണായക പണപ്പെരുപ്പക്കണക്ക് ഉടൻ പുറത്തുവരാനിരിക്കേ വില ഇനിയും ഇടിയാനാണ് സാധ്യതയെന്ന് നിരീക്ഷകരും പറയുന്നു. എന്നാൽ, കേരളത്തിൽ ഇന്നുച്ചയ്ക്ക് വില കുത്തനെ കൂടുകയായിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 60 പൈസ ഇടിഞ്ഞ് 95.7ൽ എത്തുകയും ഇറക്കുമതിച്ചെലവ് കൂടാനുള്ള വഴിയൊരുങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിലക്കയറ്റം.
ക്രൂഡോയിൽ വില 108 ഡോളർ കടന്നതാണ് രൂപയെ സമ്മർദത്തിലാക്കിയത്. തുടർച്ചയായ നാലാംദിവസമാണ് ഡോളറിനെതിരെ രൂപയുടെ വീഴ്ച. കേരളത്തിൽ ഉച്ചയ്ക്ക് സ്വർണവില ഗ്രാമിന് 140 രൂപ ഉയർന്ന് 14,155 രൂപയായി. 1120 രൂപ ഉയർന്ന് 1,13,240 രൂപയാണ് പവൻവില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 115 രൂപ വർധിച്ച് 11,630 രൂപ. വെള്ളിവില ഉച്ചയ്ക്ക് മാറിയില്ല; ഗ്രാമിന് 245 രൂപ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top