ഇടനിലക്കാരെ ഒഴിവാക്കാൻ മോട്ടോർ വാഹനവകുപ്പ്. സെപ്റ്റംബർ 21 മുതൽ 60 പരിവാഹൻ സേവനങ്ങൾക്ക് ആധാർ ഒടിപി നിർബന്ധമാക്കി. നിലവിൽ 21 സേവനങ്ങൾക്കാണ് ആധാർ നിർബന്ധമായിട്ടുള്ളത്. മലപ്പുറത്തെ ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ മരണത്തിന് പിന്നാലെ ഏജന്റുകൾക്കെതിരെ വലിയ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഏജന്റുമാരെ ഒഴിവാക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. തന്റെ ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനായി ഷൗക്കത്ത് മാസങ്ങളോളം ഓഫിസ് കയറിയിറങ്ങിയെന്നും ഏജന്റുമാർ വഴി അല്ലാതെ നേരിട്ട് അപേക്ഷിച്ചതിനാൽ ഉദ്യോഗസ്ഥർ ബോധപൂർവ്വം ഫിറ്റ്നസ് നിഷേധിച്ചുവെന്നുമായിരുന്നു ആരോപണം. ഇത് ചർച്ചയായതിന് പിന്നാലെയാണ് ഇടനിലക്കാരെ ഒഴിവാക്കാൻ മോട്ടോർ വാഹനവകുപ്പ് സുപ്രധാന തീരുമാനം എടുത്തിരിക്കുന്നത്. മോട്ടോർ വെഹിക്കിൾ ഓഫിസുകൾ ഭരിക്കുന്നത് ഏജന്റുമാരാണെന്നായിരുന്നു ആരോപണം. പുതിയ മാറ്റത്തോടെ 60 സേവനങ്ങൾക്കും രജിസ്റ്റർ ചെയ്ത ഫോണിലേക്ക് വരുന്ന ഒടിപികൾ നൽകേണ്ടതായി വരും. ആധാറോ വ്യക്തികളുടെ സാന്നിധ്യമോ ആവശ്യമില്ലാതിരുന്നതിനാൽ മുമ്പ് പല സേവനങ്ങളും പൂർണമായും ഏജന്റുമാരെ ഏൽപ്പിക്കുകയായിരുന്നു പതിവ്.
ഇടനിലക്കാരെ ഒഴിവാക്കാൻ മോട്ടോർ വാഹനവകുപ്പ്

