തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയാനായെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്. കൃത്രിമ വിലക്കയറ്റത്തെ സർക്കാർ നിയന്ത്രിച്ചതായും ശബരിമല സീസണിലും ഈ വിഷയത്തിൽ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. 2000 ഓണചന്തകളാണ് കൃഷി വകുപ്പ് വിജയകരമായി സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.നാട്ടിൽ ഉത്പാദിപ്പിച്ച വിളകൾ വിൽപന നടത്തിയത് ഓണക്കാലത്ത് നേട്ടമായി. കർഷകർ നൽകിയ ഉത്പന്നങ്ങളുടെ തുക പൂർണമായും അക്കൗണ്ടിൽ നൽകി. 14.25 കോടി രൂപയുടെ ഉത്പന്നങ്ങൾ ശേഖരിച്ചതിൽ നിന്ന് 14212 കർഷകർക്ക് ഗുണം ലഭിച്ചു. അക്കൗണ്ട് വിവരങ്ങൾ കൃത്യമല്ലാത്തതിനാൽ 3.09 ലക്ഷം രൂപ 202 കർഷകർക്ക് ഇനി നൽകാനുണ്ട്. അത് ഉടൻ കൈമാറുമെന്നും കൃഷി മന്ത്രി പറഞ്ഞു.
സീസൺ സമയത്ത് കച്ചവടക്കാരും ഇടനിലകാരും വില ഉയർത്തുകയാണെന്ന് മന്ത്രി ആരോപിച്ചു. എന്നാൽ സർക്കാർ അത് തടഞ്ഞ് കൃത്രിമ വിലക്കയറ്റത്തെ നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു.ഈ സർക്കാർ വന്നതിന് ശേഷം 1051.34 കോടി രൂപ നെൽ കർഷകർക്ക് നൽകി. വില കൃത്യമായി നിർണ്ണയിക്കാൻ സർക്കാരിനായെന്നും മന്ത്രി വ്യക്തമാക്കി. ബാക്കി തുക ഒരാഴ്ചയ്ക്കുളളിൽ നൽകും. കൃഷി വകുപ്പിന്റെ ഫാമുകളിൽ ആവശ്യമെങ്കിൽ പബ്ലിക് പ്രൈവറ്റ് പാർട്‌ണർഷിപ്പ് മോഡൽ നടപ്പാക്കും. ഫാം ടൂറിസം സാധ്യത പ്രയോജനപ്പെടുത്താനും സർക്കാരിന് ആലോചനയെന്ന് മന്ത്രി പറഞ്ഞു.
ഓണക്കാലത്ത് വിലക്കയറ്റവും പൂഴ്ത്തിവെയ്പ്പും തടയാനായി, ശബരിമല സീസണിലും ഇടപെടും: മന്ത്രി ടി സിദ്ദിഖ്

