കൊച്ചി: യുഡിഎഫ് സർക്കാരിൽ അത്യപൂർവ്വ പ്രതിസന്ധി. നടപടി ദൂഷ്യത്തിന്റെ പേരിൽ വകുപ്പ് സെക്രട്ടറിമാരായ ഐഎഎസ് ഉദ്യോഗസ്ഥരെ ഹൈക്കോടതി വിളിച്ചുവരുത്തിയതോടെ സർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. നേരത്തെ കശുവണ്ടി കോർപ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് സെക്രട്ടറിമാരെ ഹൈക്കോടതി വിളിച്ചുവരുത്തി ശാസിച്ചിരുന്നു. ഇതിന് പുറമെയാണ് ഇന്ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഹാജരാകേണ്ടി വന്നിരിക്കുന്നത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ എസ് ശ്രീജിത്തിന് ഡിജിപി റാങ്കിലേക്ക് സ്ഥാനം കയറ്റം നൽകിയതുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ നടപടി.
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ നേരത്തെ വ്യവസായ വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസിനെയും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനെയും ഹൈക്കോടതി നേരത്തെ വിളിച്ചുവരുത്തിയിരുന്നു. കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകാനുള്ള ഉത്തരവ് നടപ്പാക്കാൻ വൈകിയതിലായിരുന്നു മുഹമ്മദ് ഹനീഷിനെ ഹൈക്കോടതി വിളിച്ചുവരുത്തിയത്. എന്നാൽ താൻ ചുമതലയൊഴിഞ്ഞെന്നായിരുന്നു മുഹമ്മദ് ഹനീഷ് കോടതിയെ അറിയിച്ചത്. കേസിൽ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ, എംഡി ആയിരുന്ന കെ എ രതീഷ് എന്നിവരെ വിചാരണ ചെയ്യാനുള്ള പ്രോസിക്യൂഷൻ അനുമതി നൽകാനുള്ള ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിച്ചതോടെയായിരുന്നു നടപടികളിലേക്ക് കടന്നത്.

