സഭയില്‍ പരാതി ഉയര്‍ന്നു; തമിഴ് നാട്ടിലെ MLAമാര്‍ക്കെല്ലാം പുതിയ കാര്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തമിഴ്നാട്ടില്‍ ഓരോ എംഎല്‍എമാര്‍ക്കും പുതിയ കാര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. എംഎല്‍എമാര്‍ക്ക് അവരുടെ മണ്ഡലങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാനും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി മികച്ച രീതിയില്‍ ഇടപെടല്‍ നടത്താനുമാണ് പുതിയ തീരുമാനമെന്നാണ് വിശദീകരണം. അടിസ്ഥാനപരമായ സൗകര്യങ്ങള്‍ ലഭിക്കാതെ എംഎല്‍എമാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് വിസികെ എംഎല്‍എ ജോതിമണി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
എംഎല്‍എമാര്‍ക്ക് തങ്ങളുടെ മണ്ഡലങ്ങളിലേക്ക് യാത്ര ചെയ്യുകയും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും വേണം. അതിനായി സര്‍ക്കാര്‍ തന്നെ എംഎല്‍എമാര്‍ക്ക് കാറുകള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പുതിയ പ്രഖ്യാപനത്തിന് കീഴില്‍ ഓരോ എംഎല്‍എമാര്‍ക്കും 75,000 രൂപയുടെ അലവന്‍സും ലഭിക്കും. ഡ്രൈവറുടെ ശമ്പളവും കാറുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കുമായാണ് ഈ തുക. ഇവയ്ക്ക് പുറമേ ഓരോ എംഎല്‍എ ഓഫീസിലും അസിസ്റ്റന്റിനെ നിയമിക്കാനായി മാസം 25,000 രൂപയും സര്‍ക്കാര്‍ നല്‍കും.
മുന്‍സിപ്പല്‍ – യൂണിയന്‍ ചെയര്‍പേഴ്ണ്‍മാര്‍ക്കും മേയര്‍ – ഡെപ്യൂട്ടി മേയര്‍മാര്‍ക്കും അടക്കം ഔദ്യോഗിക വാഹനങ്ങള്‍ ലഭ്യമാണ്. എന്നാല്‍ എംഎല്‍എമാര്‍ക്ക് അതേ സൗകര്യം ലഭിക്കുന്നില്ലെന്നും എംഎല്‍എ ജോതിമണി ചൂണ്ടിക്കാട്ടിയിരുന്നു. വിഷയം ഉന്നയിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് നടപടി ഉണ്ടായിരിക്കുന്നത്.
നേരത്തെയുണ്ടായിരുന്ന സര്‍ക്കാര്‍ സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ഈ ആവശ്യങ്ങള്‍ നിരാകരിച്ചിരുന്നുവെന്ന് മുതിര്‍ന്ന ഡിഎംകെ എംഎല്‍എയും അഭിപ്രായപ്പെട്ടിരുന്നു. അടിയന്തരമായ ഘട്ടങ്ങളില്‍ ഇത്തരം പോരായ്മകള്‍ മൂലം പലയിടങ്ങളിലും എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമാണെന്നും എംഎല്‍എമാര്‍ക്കിടയില്‍ പരാതി ഉണ്ടായിരുന്നു. പ്രഖ്യാപനം വന്നതിന് പിന്നാലെ ടിവികെ എംഎല്‍എ സിന്ധു ഒരു ഗാനം ആലപിച്ചു കൊണ്ടാണ് മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചത്. നടനും മുന്‍മുഖ്യമന്ത്രിയുമായ എംജിആര്‍ അഭിനയിച്ച ‘കൊടുത്തതെല്ലാം കൊടുത്താന്‍’ എന്ന ഗാനമാണ് എംഎല്‍എ പാടിയത്.
‘അദ്ദേഹം തനിക്കുള്ളതെല്ലാം എല്ലാവര്‍ക്കും നല്‍കി, അദ്ദേഹം ആര്‍ക്കാണ് നല്‍കിയത്? ഏതെങ്കിലും ഒരാള്‍ക്കാണോ നല്‍കിയത്?, അല്ല, അദ്ദേഹം നാടിന് വേണ്ടിയാണ് എല്ലാം നല്‍കിയത്’ എന്നര്‍ത്ഥം വരുന്ന വരികളാണ് എംഎല്‍എ പാടിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top