കാസർകോട് തൂഫാൻ കേസ്: പ്രതികളുടെ ലഹരി ഇടപാടിൽ നൈജീരിയൻ ബന്ധവും, വിദേശ യാത്രയിലും സംശയം പ്രതിയുടെ തായ്‌ലൻഡ്, മലേഷ്യ, യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര ലഹരി ഇടപാടുകളുടെ ഭാഗമായിരുന്നുവെന്നാണ് സംശയം

കാസർകോട്: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഡിനേറ്റർ എന്നവകാശപ്പെടുന്നയാളുൾപ്പടെ പിടിയിലായ കാസർകോട് എഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരി ഇടപാടിൽ പ്രതികളുടെ നൈജീരിയൻ ബന്ധമാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതി സൈനുൽ ആബിദ് ബെംഗളൂരുവിൽ എത്തി നൈജീരിയൻ സംഘത്തിൽ നിന്ന് എംഡിഎംഎ വാങ്ങിയെന്നാണ് കണ്ടെത്തി. ഇടനിലക്കാരില്ലാതെയാണ് നൈജീരിയൻ സംഘവുമായുള്ള ആബിദിന്റെ ഇടപാട്. ബെംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിലാണ് എംഡിഎംഎ എറണാകുളത്ത് എത്തിച്ചത് എന്നാണ് വിവരം. ബെംഗളൂരുവിൽ നിന്നുള്ള ലഹരി കടത്തിൽ മറ്റൊരു യുവതിയുടെ സഹായം ലഭിച്ചെന്നും സൂചനയുണ്ട്. പ്രതികളെ റിമാന്റ് ചെയ്യുന്നതിന് മുമ്പ് ചോദ്യം ചെയ്‌തപ്പോഴാണ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചത്.

അതേസമയം എംഡിഎംഎ കേസ് പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വിദേശ യാത്രകളും അന്വേഷണ പരിധിയിൽ ഉണ്ട്. പ്രതി അബ്ദു‌ൾ സലാം ഒരു വർഷത്തിനിടെ നടത്തിയത് നിരവധി വിദേശ യാത്രകളാണ് എന്നാണ് വിവരം. തായ്‌ലൻഡ്, മലേഷ്യ, യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര ലഹരി ഇടപാടുകളുടെ ഭാഗമായിരുന്നുവെന്നാണ് സംശയം. വിദേശത്ത് ഒളിവിലുള്ള കുപ്രസിദ്ധ ഗുണ്ടാ നേതാവ് അനസ് പെരുമ്പാവൂരിൻ്റെ ലഹരി ഇടപാടുകളിൽ ഇയാൾക്ക് പങ്കുണ്ടെന്നും സൂചന ഉണ്ട്. അബദുൾ സലാം നേരത്തെ അനസ് പെരുമ്പാവൂരിൻ്റെ സംഘത്തിൽ പ്രവർത്തിച്ചിരുന്ന ആളാണ്. മറ്റൊരു പ്രതിയായ സൈനുൽ ആബിദിൻ്റെ കേസുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു. സൈബർ തട്ടിപ്പ് അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ആബിദ്.

എന്നാൽ കാസർകോട് എംഡിഎംഎ കേസിൽ പൊലീസ് അന്വേഷണം എങ്ങുമെത്തുന്നില്ലെന്ന് വിമർശനമുണ്ട്. പൊലീസ് അന്വേഷണം മരവിച്ച പോലെയാണെന്നും എംഡിഎംഎയുടെ ഉറവിടം പോലും കണ്ടെത്തിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. കേസിലെ വിവരങ്ങൾ പൊലീസ് അതീവ രഹസ്യമാക്കി വെക്കുന്നു എന്നും ആക്ഷേപമുണ്ട്. മുഹമ്മദ് ഹുസൈന് മുഖ്യമന്ത്രിയുമായുള്ള ബന്ധം പുറത്തുവന്നതോടെ തൂഫാൻ സംഘം കാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഉത്തരം പറയേണ്ടത് ആഭ്യന്തര മന്ത്രി ആണെന്നും പ്രതികളെ പൂട്ടാതെ ജയ് തൂഫാൻ എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികളുടെ ഫോൺവിളി വിവരങ്ങൾ ശേഖരിക്കണം എന്ന ആവശ്യം ശക്തമാണ്. പ്രതിയുടെ ഫോൺ രേഖകൾ കിട്ടിയാലേ ഉന്നത ബന്ധം പുറത്തുവരൂ എന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top