ഗാർഹിക പീഡനക്കേസ് വാദിച്ചതിൽ വൈരാഗ്യം; അഭിഭാഷകന്റെ പിതാവിനെ കുത്തിപ്പരുക്കേൽപ്പിച്ചു

കൊച്ചി ഗാർഹിക പീഡന കേസിൽ കോടതിയിൽ ഹാജരായതിന്റെ
വൈരാഗ്യത്തിൽ അഭിഭാഷകൻ്റെ വീടുകയറി പിതാവിനെ കുത്തിപ്പരുക്കേൽപ്പിച്ചു. പുതുവൈപ്പ് മുരിക്കുംപാടം തൊണ്ടുങ്കൽ മോഹൻദാസിനെയാണ് (80) ആക്രമിച്ചത്. അഭിഭാഷക ദമ്പതികളായ ടി.എം.ഡോൾഗോ, നീമ എന്നിവരുടെ വീടിനു നേരെ ഇന്നലെ വൈകീട്ട് 5.30ഓടെയായിരുന്നു ആക്രമണം. സംഭവത്തിൽ പ്രദേശവാസികൾ തന്നെയായ ഡസ്‌റ്റർ (വേലു), ഡൈനാസ്‌റ്റർ (വാവക്കുട്ടി) എന്നിവർ അറസ്‌റ്റിലായി.

ഒന്നാം പ്രതിക്കെതിരെ ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ പരാതിക്കാരിയുടെ അഭിഭാഷകനാണ് മോഹൻദാസിൻ്റെ മകൻ ഡോൾഗോ. ഈ കേസ് ഏറ്റെടുത്തതിലുള്ള വൈരാഗ്യം മൂലം കുടുംബത്തെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് അക്രമികൾ ആസൂത്രിതമായി എത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവം നടക്കുമ്പോൾ അഭിഭാഷകർ വീട്ടിൽ ഉണ്ടായിരുന്നില്ല. വീടിൻ്റെ സിറ്റൗട്ടിൽ അതിക്രമിച്ചു കയറിയ ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേർന്ന് മോഹൻദാസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച മോഹൻദാസിന്റെ ഭാര്യയോട് തട്ടിക്കയറിയ പ്രതികൾ അദ്ദേഹത്തെ ബലമായി പുറത്തേക്ക് വലിച്ചിഴച്ചിട്ടു.

തുടർന്ന് വേലു മോഹൻദാസിന്റെ കഴുത്തറുക്കാൻ ശ്രമിച്ചു. പിന്നാലെ വാവക്കുട്ടി കത്തി വാങ്ങി അദ്ദേഹത്തിന്റെ വയറ്റിൽ ആഴത്തിൽ കുത്തുകയായിരുന്നു. രക്‌തം വാർന്നു കിടന്ന മോഹൻദാസിനെ വീട്ടുകാരും നാട്ടുകാരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. അക്രമത്തിനു ശേഷം പ്രതികൾ ഒളിവിൽ പോയെങ്കിലും വൈകാതെ പിടിയിലായി. ഇവർ ഒട്ടേറെ കേസുകളിൽ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്.
പിതാവിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് അഡ്വ. ഡോൾഗോ പറഞ്ഞു. കിഡ്‌നിക്കും പാൻക്രിയാസിനും കുത്തേറ്റിട്ടുണ്ട്. തങ്ങളുടെയും സഹോദരിയുടേയും 4, 8, 12 വയസുള്ള കുട്ടികളുടെ മുന്നിൽ വച്ചായിരുന്നു അക്രമമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ ഇപ്പോഴും ആ ട്രോമയിൽനിന്ന് മുക്ത‌രായിട്ടില്ല. പ്രതികളിലൊരാളുടെ ഭാര്യ നിയമസഹായം ചോദിച്ച് ഓഫിസിൽ എത്തിയപ്പോൾ അത് കൊടുക്കുക മാത്രമേ ചെയ്ത‌ിട്ടുള്ളൂ. ബാക്കിയുള്ളവരെ കൂടി തീർക്കുമെന്ന് പ്രതികൾ വധഭീഷണി മുഴക്കിയതായും അഡ്വ. ഡോൾഗോ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top