വായ്പയുള്ളവരാണെങ്കിൽ തിരിച്ചടവ് മുടക്കാതിരിക്കുക എന്നതായിരിക്കണം വായ്പകാലയളവിൽ ശ്രദ്ധിക്കേണ്ട കാര്യം. ഓരോ തിരിച്ചടവ് മുടങ്ങുമ്പോഴും റിക്കവറി ഏജന്റുമാരുടെ ഇടപെടലാണ് പേടിക്കേണ്ടത്. ഇക്കാര്യത്തിൽ പുതിയ മാർഗ നിർദേശങ്ങൾ റിസർവ് ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. പരിധികടന്നുള്ള വായ് റിക്കവറി ഇടപെടലുകൾ കുറയ്ക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.ബാങ്കും റിക്കവറി ഏജന്റുമാരും വായ്പയെടുത്തവരെ ബന്ധപ്പെടുന്നതിനും സാങ്കേതിക വിദ്യ ഉപയോഗിച്ച് വായപ തുക തിരികെ പിടിക്കുന്നതിനും ഇത് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു. വായ്പ തിരിച്ചടവിലും റിക്കവറി ഏജന്റുമാരെ നിയമിക്കുന്നതിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പാലിക്കേണ്ട ചട്ടങ്ങളാണ് മാർഗനിർദേശത്തിലുള്ളത്. ഓഗസ്റ്റ് ആറിന് പുറത്തിറങ്ങിയ ഇവ 2027 ജനുവരി ഒന്നുമുതൽ നടപ്പിലാക്കും.വായ്പയെടുത്തയാളുടെ വ്യക്തിഗത ഡിജിറ്റൽ ഉപകരണങ്ങൾ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോക്ക് ചെയ്യുന്നതിന് നിയന്ത്രണമുണ്ട്. വ്യക്തിഗത വായ്പ, വാഹന വായ്പ, ഭവന വായ്പ എന്നിവയിൽ തിരിച്ചടവ് മുടങ്ങിയാൽ ഫോൺ, ലാപ്ടോപ് പോലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ലോക്ക് ചെയ്യാൻ പാടില്ല. എന്നാൽ ഡിജിറ്റൽ ഉപകരണങ്ങൾക്കുള്ള കൺസ്യൂമർ വായ്പ മുടങ്ങിയാൽ ഉപകരണങ്ങൾ ലോക്ക് ചെയ്യുന്നതിന് നിയന്ത്രണമില്ല. തിരിച്ചടവ് മുടങ്ങി 30 ദിവസത്തിന് ശേഷം നോട്ടീസ് നൽകി മാത്രമെ ഇത്തരം നടപടികളിലേക്ക് കടക്കാൻ പാടുള്ളൂ.60 ദിവസം വായ്പ തിരിച്ചടവ് മുടങ്ങിയാൽ വായ്പ കരാർ പ്രകാരമുള്ള മുഴുവൻ നിയന്ത്രണങ്ങളും ഏർപ്പെടുത്താം. അപ്പോഴും ഇൻകമിങ് കോൾ, എസ്എംഎസ്, എമർജൻസി സേവനങ്ങൾ എന്നിവ ലഭിക്കും. ഇതേ സാഹചര്യത്തിൽ വായ്പ തിരിച്ചടവ് ആവശ്യത്തിലേക്ക് ഫോണിലെ കോൺടാക്, ഫോട്ടോ, എസ്എംഎസ്, കോൾ ലോഗ്, ലോക്കേഷൻ ഹിസ്റ്ററി എന്നിവ ബാങ്കുകൾക്ക് ആക്സസ് ചെയ്യാൻ സാധിക്കില്ല.റിക്കവറി ഏജന്റുമാർ എന്തൊക്കെ ചെയ്യാം എന്നതും ആർബിഐ വ്യക്തമാക്കുന്നു. ഉപഭോക്താക്കളുടെ സ്വകാര്യതയാണ് പരമപ്രധാനം. വായ്പ തിരിച്ചടവിന് ആവശ്യമായ വിവരങ്ങൾ മാത്രമെ ബാങ്കുകൾ ജീവനക്കാരുമായോ ഏജൻസികളുമായോ പങ്കിടുന്നുള്ളൂ എന്ന് ഉറപ്പാക്കണം. റിക്കവറി ഏജന്റുമാർക്ക് അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കാനോ, വ്യക്തിപരമായ ആക്രമണങ്ങൾ നടത്താനോ, കടം വാങ്ങുന്നവരെ ഭീഷണിപ്പെടുത്താനോ പാടില്ല. പരസ്യമായി അപമാനിക്കുക, ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സഹപ്രവർത്തകരെയോ ഭീഷണിപ്പെടുത്തുക എന്നിവ പാടില്ലെന്നും നിയമം പറയുന്നു.
ഇഎംഐ മുടങ്ങിയാൽ ഫോൺ ചെയ്യാൻ പറ്റില്ല! ഫോൺ ലോക്ക് ചെയ്യുന്നതിൽ പുതിയ ആർബിഐ നിയമം


