തിരുവനന്തപുരം • പിഎസ്‌സി റാങ്ക് ലിസ്‌റ്റിൽ നിന്നുള്ള നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനു സർക്കാർ കത്തു നൽകി. വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദീൻ ഒപ്പുവച്ച ഔദ്യോഗിക കുറിപ്പാണ് മുതിർന്ന ഉദ്യോഗസ്ഥർ സമരപ്പന്തലിൽ എത്തി കൈമാറിയത്. സമരക്കാർ ഉന്നയിക്കുന്ന പ്രശ്‌നങ്ങളിൽ പരിഹാരനടപടികൾ സ്വീകരിക്കാൻ സർക്കാർ സന്നദ്ധമാണെന്നും അതിനു രണ്ടു മാസത്തെ സാവകാശം ആവശ്യമാണെന്നുമാണ് കത്തിൽ പറയുന്നത്.
അധ്യാപക നിയമനം തേടി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർഥികളുമായി സർക്കാർ ചർച്ച തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്നലെ പറഞ്ഞിരുന്നു. സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥി-അധ്യാപക അനുപാതം കുറയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇക്കാര്യത്തെക്കുറിച്ച് പഠിക്കാൻ രണ്ട് മാസത്തെ സമയം വേണമെന്നാണ് സർക്കാർ നിലപാട്. സർക്കാർ സ്‌കൂളുകളിൽ നടപ്പാക്കാൻ തീരുമാനിച്ചാൽ അത് എയ്‌ഡഡ് സ്‌കൂളുകളിലും നടപ്പാക്കേണ്ടിവരും. ഇതിലൂടെ സംസ്‌ഥാനത്തിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത എത്രയെന്നു തിട്ടപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇന്നലെ സമരക്കാർ സെക്രട്ടേറിയറ്റ് സമരഗേറ്റ് മുതൽ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് പ്രവർത്തിക്കുന്ന അനെക്സസ് 2 മന്ദിരം വരെ മനുഷ്യച്ചങ്ങല തീർത്തിരുന്നു. കൻ്റോൺമെൻ്റ് ഗേറ്റിലേക്കുള്ള റോഡ് പൊലീസ് അടച്ചതിനാൽ നോർത്ത് ഗേറ്റിനു മുന്നിലൂടെ വൈഎംസിഎ വഴിയാണ് ചങ്ങല നീണ്ടത്. ഭരണഘടനയും ദേശീയ പതാകയും കയ്യിലേന്തി ഒരു മണിക്കൂറോളം നിന്ന് ഉദ്യോഗാർഥികൾ മുദ്രാവാക്യം വിളിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ളവർ പങ്കാളികളായി. പലരും കൈക്കുഞ്ഞുങ്ങളുമായാണ് എത്തിയത്. സെക്രട്ടേറിയറ്റിനു മുന്നിൽ 5 ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന അസോസിയേഷൻ സെക്രട്ടറി എസ്. വളർമതിയുടെ ആരോഗ്യ നില മോശമായി. രക്ത സമ്മർദം ഉയരുകയും പഞ്ചസാരയുടെ അളവു താഴുകയും ചെയ്തു. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് പരിശോധന നടത്തിയ ഡോക്‌ടർമാർ ആശുപത്രിയിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും വളർമതി കൂട്ടാക്കിയില്ല.


